ഈ സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേൽക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന്, നിലവിൽ PSG പരിശീലകനായ മൗറീഷ്യോ പോച്ചെറ്റിനോ സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തു നിന്ന് പടിയിറങ്ങിയ ഒലെ ഗുന്നാർ സോൾഷ്യയർക്ക് പകരക്കാരനായി പുതിയ പരിശീലകനെ തേടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
നിലവിൽ പാരീസ് സെന്റ് ജെർമെയ്‌നിന്റെ പരിശീലകനായ മൗറിസിയോ പോച്ചെറ്റിനോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുമെന്ന് റൂമറുകൾ ഉണ്ട്. ഇപ്പോഴിതാ പ്രശസ്ത മാധ്യമമായ ദി ടൈംസ് പറയുന്നത് അനുസരിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് അർജന്റീനക്കാരനായ മൗറിസിയോ പോചെട്ടിനോ തന്റെ സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.
നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിൽ താൻ പരിശീലകജോലി ആസ്വദിച്ചതിന് സമാനമായി മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകജോലി ആസ്വദിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം. കൂടാതെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് അദ്ദേഹത്തിന് മടങ്ങി വരാൻ താല്പര്യമുണ്ട്. അദ്ദേഹം ഇംഗ്ലീഷ് ഫുട്‌ബോളിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഭൂരിഭാഗം പേരും ഇപ്പോഴും ഇംഗ്ലണ്ട് രാജ്യത്ത് താമസിക്കുകയാണ്.
മൗറിസിയോ പോച്ചെറ്റിനോയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അദ്ദേഹം മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകാൻ സാധ്യതയുള്ളതായി കാണപ്പെടുന്നത്. സൂപ്പർ പരിശീലകൻ സിനദിൻ സിദാൻ, ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെൻഡൻ റോഡ്‌ജേഴ്‌സ്, അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ് തുടങ്ങിയ ചില പേരുകളും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തായാലും, ആരാകും ചുവന്ന ചെകുത്താന്മാരുടെ പുതിയ പരിശീലകൻ എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.