2021-2022 ലാലിഗ സീസണിലെ തങ്ങളുടെ 21-ആമത് ലീഗ് മത്സരത്തിൽ വലൻസിയക്കെതിരെ മിന്നുന്ന വിജയം നേടിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വലൻസിയയെ ലോസ് ബ്ലാങ്കോസ് തകർത്തു വിട്ടത്.
റയൽ മാഡ്രിഡിന്റെ സ്റ്റേഡിയമായ സാന്റിയഗോ ബെർണബുവിൽ വെച്ച് നടന്ന മത്സരത്തിൽ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ, ബ്രസീലിയൻ യുവസൂപ്പർ താരം വിനീഷ്യസ് ജൂനിയർ എന്നിവരാണ് റയൽ മാഡ്രിഡിന് വിജയമൊരുക്കി കൊടുത്തത്. ഈ സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഈ സൂപ്പർ താരജോഡി തന്നെയാണ് റയൽ മാഡ്രിഡിന്റെ കിരീടപ്രതീക്ഷകൾക്ക് ഇന്ധനം നൽകുന്നതും.
റയൽ മാഡ്രിഡ് ജേഴ്സിയിലുള്ള കരിയർ ഗോൾ നേട്ടം 301-ലെത്തിച്ച ഫ്രഞ്ച് താരം കരീം ബെൻസെമ 43, 88 മിനിറ്റുകളിലായാണ് ഗോളുകൾ നേടുന്നത്. ബ്രസീലിയൻ യുവതാരമായ വിനീഷ്യസ് ജൂനിയർ 52, 61 മിനിറ്റുകളിൽ ഗോളുകൾ കണ്ടെത്തിയതോടെ റയൽ മാഡ്രിഡ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. വലൻസിയയുടെ ആശ്വാസഗോൾ 76-മിനിറ്റിൽ ഗോൺസലോ ഗയ്ഡസിന്റെ വകയായിരുന്നു.
ഈ മിന്നും വിജയത്തോടെ ലാലിഗ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന റയൽ മാഡ്രിഡ് തങ്ങളുടെ പോയന്റ് നേട്ടം 21 മത്സരങ്ങളിൽ നിന്ന് 49 ആക്കി ഉയർത്തി. യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള പ്രധാന മത്സരങ്ങളിലും ബെൻസി-വിനി ജോഡിയിൽ തന്നെയാണ് 13 തവണ UCL ജേതാക്കളായ റയൽ മാഡ്രിഡിന്റെ പ്രതീക്ഷ.