കാൽപന്ത് കൊണ്ട് കവിത രചിക്കുന്ന പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. രക്തത്തിലും ശ്വാസത്തിലും വരെ ഫുട്ബോളിനെ ആവാഹിച്ച ഒരു ജനതയാണ് അവിടെയുള്ളത്. ഓരോ ടൂർണ്ണമെൻറ് എടുത്ത് നോക്കിയാലും അവിടെയെല്ലാം ഓരോ അത്ഭുത പ്രതിഭയെ ബ്രസീൽ സംഭാവന ചെയ്യുന്നത് നാം പലകുറി കണ്ടതാണ്.
നിലവിലെ ബ്രസീൽ ടീം തന്നെ എടുത്തു നോക്കിയാൽ കാണാം പ്രതിഭകൾക്ക് അവിടെ പഞ്ഞമില്ല പ്രതിഭ ധാരാളിത്തം ബ്രസീലിൻറെ മുഖമുദ്രയാണ്. ഈ ഒളിമ്പിക്സിൽ അത്തരത്തിൽ ബ്രസീലിയൻ പ്രതിഭ വിളിച്ച് ലോകത്തിനോട് അറിയിക്കുന്ന ഒരു താരമാണ് റിച്ചാർലിസൺ.
ഈ ഒളിമ്പിക്സിൽ ഒരു റെക്കോർഡ് നേട്ടം കൂടി ഇതിനകം കുറിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒളിംപിക്സിൽ ആദ്യമായി ഹാട്രിക് ഗോളുകൾ നേടുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം എന്ന റെക്കോർഡ് ആയിരുന്നു ഈ ബ്രസീലിയൻ താരം നേടിയത്. ഇന്ന് നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ കൂടി നേടി തന്റെ ബൂട്ടുകൾക്ക് ഗോളുകളോടുള്ള ദാഹം അടങ്ങിയിട്ടില്ല എന്നവൻ തെളിയിച്ചു.
ടൂർണ്ണമെൻറിൽ ഇതുവരെ കേവലം മൂന്നു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ ഇതിനോടകംതന്നെ അദ്ദേഹം സ്വന്തം ബാഗിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ ബ്രസീലിനായി വളരെ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത്.
മറ്റ് ടീമുകൾ ഒന്നാംനിര ടീമിനെ ഒളിമ്പിക്സ് പോലൊരു ടൂർണമെന്റിലേക്ക് വിടുവാൻ മടിക്കുമ്പോൾ രാജ്യത്തിൻറെ അഭിമാനം കാക്കുവാൻ മികച്ച താരങ്ങളെ ഒളിമ്പിക്സിലേക്ക് അയക്കുന്നതിന് ബ്രസീൽ കാണിക്കുന്ന ഒരു മനസ്സ് വളരെ അഭിനന്ദനീയമാണ്. കഴിഞ്ഞതവണ ആതിഥേയരയായിരുന്നു ബ്രസീൽ കിരീടം ചൂടിയത്. അന്ന് വളരെ താര സമ്പന്നമായ ഒരു ടീമായിരുന്നു ബ്രസീലിന് ഉണ്ടായിരുന്നത്.
ഇത്തവണ താരമൂല്യം അത്രയൊന്നും ഇല്ലെങ്കിലും ബ്രസീൽ എന്നും ബ്രസീലാണ് ബ്രസീലിൻറെ താരങ്ങൾ മികവ് തെളിയിക്കാൻ എളുപ്പമാണ് ഈ കോപ്പ അമേരിക്ക കഴിഞ്ഞപ്പോൾതന്നെ താരം മൂല്യത്തിൽ വൻ വർധന ഉണ്ടാക്കിയ റിച്ചാർലിസൻ ഒളിമ്പിക് ടൂർണമെൻറ് കൂടി കഴിയുമ്പോൾ അതിൻറെ പതിന്മടങ്ങ് വർദ്ധന ഉണ്ടാക്കും എന്ന് ഏകദേശം ഉറപ്പാണ്.
തനിക്ക് ഇതിഹാസങ്ങൾ ഉപയോഗിക്കുന്ന ജേഴ്‌സി നൽകിയതിനോട് കൂറുപുലർത്തുന്ന വിധമാണ് അദ്ദേഹം പ്രകടനം നടത്തി കൊണ്ടിരിക്കുന്നത്. ബ്രസീലിയൻ ഫുട്ബോളിനെ പുതിയ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുവാൻ ഇതുപോലെയുള്ള യുവപ്രതിഭകൾ അനവധി നിരവധി ഉണ്ട്.