ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഐപിഎൽ ലഹരിയിലാണ്. ക്രിക്കറ്റിന്റെ ഈ ലഹരി ഉടനെയൊന്നും അവസാനിക്കില്ല. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പ് പിന്നാലെ വരുന്നുണ്ട്.
ഐപിഎൽ കഴിഞ്ഞ് ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ആരൊക്കെ ഉണ്ടാവുമെന്നത് ആരാധകർക്കിടയിൽ ചർച്ചാ വിഷയമാണ്. ഐപിഎല്ലിലെ പ്രകടനം കണക്കാക്കിയാവും ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക എന്നത് സെലക്ഷൻ കമ്മിറ്റി നേരത്തെ വ്യക്തമാക്കിയതാണ്.
ഐപിഎല്ലിലെ പ്രകടനമാണ് മാനദണ്ഡമെങ്കിൽ മലയാളി താരം സഞ്ജു സാംസണ് ഇത് സുവര്ണാവസമാണ്. കാരണം വിക്കറ്റ് കീപ്പർ ബാറ്റർ റോളിൽ നിലവിൽ സഞ്ജുവാണ് മുന്നിൽ നിൽക്കുന്നത്.ലോകകപ്പ് ടീമിലേക്കുള്ള വിക്കറ്റ് കീപ്പര്‍ റോളിലേക്കു നിലവില്‍ മല്‍സരരംഗത്തുള്ളത് കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ, മലയാളി താരം സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍ എന്നിവരാണ്. ഇവരിൽ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾബാറ്റിംഗിലും കീപ്പിങ്ങിലും മുന്നിട്ട് നിൽക്കുന്നത് സഞ്ജുവാണ്.
ലക്‌നൗവിനെതിരെ സഞ്ജു നേടിയ 82 റൺസാണ് നിലവിൽ വിക്കറ്റ് കീപ്പർമാരില് മുൻപന്തിയിലുള്ളത്. സഞ്ജു കഴിഞ്ഞാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്ണെടുത്തിരിക്കുന്നത് ലഖ്നൗ നായകന്‍ രാഹുലാണ്. പക്ഷെ രാഹുലിന്റെ പ്രകടനം ഇപ്പോഴും ടി20 യ്ക്ക് അനുയോജ്യമായിട്ടില്ല.
പിന്നാലെയുള്ള ദ്രുവ് ജ്യുറലിന് 12 പന്തുകളിൽ നിന്നും ഒരു ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സ് മാത്രമേ സമ്പാദ്യമുള്ളൂ. മറ്റൊരു എതിരാളി ജിതേഷ് ശർമയും നിലവിൽ ഫോമിലല്ല. ഇഷാൻ ഡക്കിൽ പുറത്തായതും പന്ത് ഫോമിൽ എത്താത്തതും നിലവിൽ സഞ്ജുവിന് അനുകൂല ഘടകമാണ്. ഈ അനുകൂല ഘടകം മുതലെടുത്താൽ സഞ്ജുവിന് ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിയാനാവും.