കഴിഞ്ഞ ദിവസം പഞ്ചാബിനോട് പരാജയപ്പെട്ടതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് വലിയ ഭീഷണി ഉയർന്നിരുന്നു. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് അഞ്ച് തോൽവിയും അത്ര തന്നെ വിജയവുമായി ചെന്നൈ നാലാം സ്ഥാനത്താണ്. എങ്കിലും ഇനിയുള്ള നാല് മത്സരങ്ങളിൽ മൂന്നെണ്ണവും വിജയിച്ചാൽ മാത്രമേ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവൂ.
ഇനിയുള്ള മത്സരങ്ങൾ ചെന്നൈയ്ക്ക് നിർണായകമാണ്. എന്നാൽ നിർണായക മത്സരങ്ങൾക്ക് മുമ്പ് ചെന്നൈക്ക് വമ്പൻ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ആറോളം താരങ്ങളെ ചെന്നൈയ്ക്ക് നഷ്ടമാവുമെന്നാണ് റിപോർട്ടുകൾ.
ട്വന്റി 20 ലോകകപ്പ് വരുന്നതിനാൽ മുസ്തഫിസൂർ റഹ്മാൻ, മതീഷ പതിരാണ, മഹേഷ് തീക്ഷണ തുടങ്ങിയവർ നാട്ടിലേക്ക് മടങ്ങും. ഇവർ 3 പേരും ചെന്നൈ ക്യാമ്പ് വിടുമെന്ന കാര്യം ഉറപ്പാണ്. കൂടാതെ മോയിൻ അലിയും നാട്ടിലേക്ക് മടങ്ങും. ലോകകപ്പ് പ്രമാണിച്ച് ഇംഗ്ലീഷ് താരങ്ങളെ ഇസിബി തിരിച്ച് വിളിക്കുന്നുണ്ട്. ഇതാണ് അലിയുടെ മടക്കത്തിന് കാരണം.ഇവർക്ക് പുറമെ രണ്ട് ഇന്ത്യൻ താരങ്ങൾ നിലവിൽ പരിക്കിന്റെ പിടിയിലാണ്.
ദീപക് ചഹാറിനാണ് പരിക്ക്. മറ്റൊരു ബൗളർ തുഷാർ ദേശ്പാണ്ഡെ അസുഖ ബാധിതനെന്നും ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങ് അറിയിച്ചിരുന്നു. ചഹറിനെയും ദേശ്പാണ്ഡയെയും ഡോക്ടേഴ്സ് സംഘം നിരീക്ഷിക്കുന്നുണ്ട്. അവർ ആരോഗ്യം വീണ്ടെടുത്തില്ലെങ്കിൽ ടീമിന് തിരിച്ചടിയാകുമെന്നും ഫ്ലെമിങ്ങ് പറഞ്ഞു.
താരങ്ങളുടെ അഭാവം ടീമിന് തിരിച്ചടിയാകുമെന്ന് ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്‌വാദും പ്രതികരിച്ചു. ഈ അഞ്ച് താരങ്ങളും ചെന്നൈയുടെ ബൗളിംഗ് ഡിപ്പാർട്മെന്റിൽ നിന്നുള്ള താരങ്ങളാണ് എന്നതാണ് ചെന്നൈക്ക് കൂടുതൽ തിരിച്ചടിയാവുന്നത്.