കേരളാ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ കളികൾ മെനയുന്നത് ഉറുഗ്വേക്കാരനായ അഡ്രിയാൻ ലൂണയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, കേരളത്തിൽ നിന്നുള്ള മറ്റൊരു പ്രൊഫഷണൽ ക്ലബായ ഗോകുലം എഫ്സിയുടെ മധ്യനിരയിലും കളി മെനയാൻ ഒരു ഉറുഗ്വേക്കാരൻ എത്തുകയാണ്.
കേവലം 25 വയസ്സ് മാത്രം പ്രായമുള്ള ഉറുഗ്വേൻ താരം മാർട്ടിൻ ചാവോസിനെയാണ് ഗോകുലം സ്വന്തമാക്കിയിരിക്കുന്നത്. മാർട്ടിൻ നേരത്തെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പരിചിതനായ താരമാണ്.
2019-20 സീസണിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിലൂടെയാണ് താരം ആദ്യമായി ഇന്ത്യൻ ഫുട്ബാളിലേക്കെത്തുന്നത്. പിന്നീട് രാജസ്ഥാൻ യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ടീമുകൾക്കുകയും താരം കളിച്ചു. കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടിയാണ് താരം കളിച്ചത്. അവിടെ നിന്നാണ് താരത്തെ ഗോകുലം റാഞ്ചിയത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ശത്രുപക്ഷത്തുള്ള ടീം തന്നെയാണ് ഗോകുലം. പല വേളകളിൽ ഗോകുലം ആരാധകരും ബ്ലാസ്റ്റേഴ്‌സ് ആരാധകരും സോഷ്യൽ മീഡിയയിൽ പോരാടിയിരുന്നു.
അതിനാൽ ലൂണയുടെ ബ്ലാസ്റ്റേഴ്സിലെ മികവിന് ഗോകുലം ആരാധകർ എടുത്ത് കാണിക്കുന്ന താരമായിരിക്കും ഉറുഗ്വേയിൽ നിന്ന് തന്നെയുള്ള മാർട്ടിൻ ചാവോസ്.