അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മൈതാൻ. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അമിത് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ മ്യൂസിക്ക് നിർവഹിച്ചിരിക്കുന്നത് എആർ റഹ്‌മാനാണ്.
മുൻ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ സയ്ദ് അബ്ദുൽ റഹിമിന്റെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. സയ്ദ് അബ്ദുൽ റഹീമിന്റെ കീഴിലെ ഇന്ത്യൻ ഫുട്ബാളിന്റെ ഗോൾഡൻ ഇറയാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.
ഇന്ത്യൻ ഫുട്ബോളിനെ പ്രതിപാദിക്കുന്ന ചിത്രത്തിൽ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും വേഷമിട്ടിട്ടുണ്ട്. മുൻ ബ്ലാസ്റ്റേഴ്‌സ് താരം മൻദീപ് സിങാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ത്രിലോക് സിങ് എന്ന കഥപാത്രമാണ് താരം സിനിമയിൽ ചെയ്‌തിരിക്കുന്നത്.
31 കാരനായ മൻദീപ് 2015 ൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. രണ്ട് മത്സരങ്ങൾ താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ തുടങ്ങിയ ലെജൻഡറി ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിനേയും താരം ജേഴ്സിയണിഞ്ഞിട്ടുണ്ട്.
2018 ൽ മിനർവാ പഞ്ചാബിന് വേണ്ടി കളിച്ച ശേഷം ഫുട്ബാളിനോട് വിട പറഞ്ഞ താരം പിന്നീട് മോഡലിംഗ് രംഗത്തേക്ക് കടക്കുകയായിരുന്നു.