ഇന്ത്യൻ ഫുട്ബോളിൽ വലിയ ട്രാൻസ്ഫർ ഫീകൾ നൽകി താരങ്ങളെ ടീമിലെത്തിക്കുന്ന സമ്പ്രദായം തുടങ്ങിയിട്ട് നാളുകളെറെയായിട്ടില്ല. നേരത്തേ ഫ്രീ ഏജന്റ് താരങ്ങളെ മാത്രം ലക്ഷ്യം വെച്ചിരുന്ന ക്ലബ്ബുകൾ വമ്പൻ തുകകൾ മുടക്കി താരങ്ങളെ സ്വന്തമാക്കുകയാണ്. ഈ സീസണിൽ ചെന്നൈയിൻ എഫ്സിയിൽ നിന്നും 3 കോടി രൂപ മുടക്കി മോഹൻ ബഗാൻ ടീമിലെത്തിച്ച അനിരുധ് താപ്പയാണ് നിലവിലെ ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ.
എന്നാൽ ഐഎസ്എല്ലിനും മുമ്പ് ഇന്ത്യൻ ഫുട്ബോളിൽ ഇത്തരത്തിലൊരു വമ്പൻ ട്രാൻസ്ഫർ നടന്നിരുന്നു. കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളാണ് ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ നടത്തിയതായി കണക്കാക്കപ്പെടുന്നത്.
2009/10 സീസണിലെ ഐ ലീഗ് കിരീടം ലക്ഷ്യം വെച്ച് ഈസ്റ്റ് ബംഗാൾ നൈജീരിയയിൽ നിന്നും ടീമിലെത്തിച്ച പ്രതിരോധ താരമാണ് ഉഗ ഒക്പര. എന്നാൽ ഈ താരത്തെ ടീമിലെത്തിക്കാൻ ഈസ്റ്റ് ബംഗാൾ ട്രാൻസ്ഫർ ഫീ ഇനത്തിൽ മുടക്കിയത് 7.2 കോടി രൂപയാണ്.
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീയായി കണക്കാക്കുന്നത് ഈ നീക്കത്തെയാണ്. നൈജീരിയൻ ക്ലബ് ഇനിയംബയിൽ നിന്നും 2009 ലാണ് ഒക്പാറയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കുന്നത്.
പിന്നീട് 5 സീസണുകളിൽ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ നിരയിൽ നിർണായക സാനിധ്യമായ ഒക്പാറ ക്ലബ്ബിനായി 188 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.