വിജയത്തോടെ സീസൺ ആരംഭിച്ചെങ്കിലും പിന്നീടുള്ള 3 മത്സരങ്ങളിലും തോൽവിയായിരുന്നു ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. തുടർ തോൽവികളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ ബ്ലാസ്റ്റേഴ്‌സ് പിന്നീട് 8 മത്സരങ്ങളിൽ പരാജയം അറിയാതെ കുതിച്ചു. പക്ഷെ സീസൺ അവസാനത്തിലക്കടുക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് അസ്ഥിരത വീണ്ടും പ്രകടിപ്പിക്കുകയാണ്. 8 മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ച ബ്ലാസ്റ്റേഴ്സിന് അവസാന 6 കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. മറ്റു മത്സരഫലങ്ങൾ അനുകൂലമായത് കൊണ്ട് പോയ്ന്റ്റ് പട്ടികയിൽ നിലവിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്.
മൂന്നാം സ്ഥാനത്തുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ ആരാധകർ തൃപ്തരല്ല. ഇനിയുള്ള മത്സരങ്ങൾ നിർണായകമായ ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ ബദ്ധവൈരികളായ എടികെ മോഹൻബഗാനെ നേരിടാൻ ഒരുങ്ങുകയാണ്. എടികെയുടെ തട്ടകത്തിൽ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് മത്സരം അത്ര എളുപ്പമാകില്ല. പ്രധാനമായും 3 വെല്ലുവിളികളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ശനിയാഴ്ച്ച എടികെയ്ക്കെതിരെ ഇറങ്ങുന്നത്.
മിഡ്ഫീൽഡ് മാന്ത്രികൻ അഡ്രിയാൻ ലൂണയുടെ അഭാവം തന്നെയാണ് അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ട പ്രധാന വെല്ലുവിളി. നാല് മഞ്ഞക്കാർഡ് കിട്ടിയതാണ് ലൂണയ്ക്ക് വിനയായത്. ഈ സീസണിൽ ഇതു വരെ ബ്ലാസ്റ്റേഴ്സ് കളിച്ച 18 മത്സരങ്ങളിലും സ്റ്റാർട്ടിംഗ് ഇലവനിലുണ്ടായിരുന്ന താരമാണ് ലൂണ. 4 ഗോളുകളും 6 ഗോളുകൾക്ക് അസിസ്റ്റും തന്റെ പേരിലാക്കി ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ നിയന്ത്രണം ഏറ്റെടുക്കുന്ന ലൂണ അടുത്ത മത്സരത്തിൽ പുറത്തിരിക്കുന്നതോടെ ലൂണയ്ക്ക് പകരം മധ്യനിരയിൽ ആര് കളിമെനയും എന്നത് ഒരു ചോദ്യമാണ്.
പ്രധാന താരങ്ങളുടെ മോശം ഫോമാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന അടുത്ത വെല്ലുവിളി. മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ മോശം പ്രകടനം തലവേദനയാണ്. പ്രതിരോധ താരം നിശൂകുമാറും അത്ര മികച്ച ഫോമിലല്ല. മറ്റൊരു പ്രതിരോധ താരം ഹോർമിപാമും പിഴവുകൾ വരുത്തുന്നത് ഇവാൻ ആശാനെ ഏറെ ബുദ്ധിമുട്ടിക്കും. പ്രധാന താരങ്ങളുടെ മോശം ഫോമാണ് അടുത്ത മത്സരത്തിലും ഇനിയുള്ള മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ട വെല്ലുവിളി.
ലെസ്‌കോവിച്ചിന്റെ ഫിറ്റനസ്സാണ് അടുത്ത പ്രശ്‌നം. ലെസ്‌കോ പരിക്കേറ്റ് പുറത്ത് പോയതോടെയാണ് കാര്യങ്ങൾ ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായത്. ലെസ്‌കോയ്ക്ക് പകരം സ്പാനിഷ് താരം വിക്ടർ മോങ്കിൽ പ്രതിരോധനിരയ്ക്ക് നേതൃത്വം നൽകുന്നുണ്ടെങ്കിലും ലെസ്‌കോയ്ക്ക് പകരം ലെസ്‌കോ മാത്രം. പരിക്കേറ്റ ലെസ്‌കോ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നെങ്കിലും താരത്തിന്റെ ഫിറ്റ്നസ് അത്ര ഓക്കേ അല്ല. ബ്ലാസ്റ്റേഴ്സിന്റെ അവസാന കുറച്ച് മത്സരങ്ങളിൽ കളിക്കാതിരുന്ന ലെസ്‌കോ എടികെയ്ക്കെതിരെ കളിക്കുമോ എന്ന കാര്യം വ്യകതമല്ല.എടികെ മോഹൻ ബഗാനെപ്പോലെ ശക്തമായ ഒരു ടീമിനെതിരെ കളിക്കുമ്പോൾ ലെസ്കോയെപ്പോലൊരു താരം ടീമിൽ നിർണായകമാണ്.