ലോകഫുട്ബോളിലെ സൂപ്പർ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഫൈവ്-എ സൈഡ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്, നിലവിൽ റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ നിറസാന്നിധ്യമായ, ലോകത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ടോണി ക്രൂസ്.
എന്നാൽ റയൽ മാഡ്രിഡിന്റെ ചില സൂപ്പർ താരങ്ങളെ തന്റെ ടീമിൽ ടോണി ക്രൂസ് ഉൾപ്പെടുത്താത്തത് ആരാധകരെ ഞെട്ടിച്ചു.
1902-ൽ സ്ഥാപിതമായ റയൽ മാഡ്രിഡ് ക്ലബ്ബിൽ ഇതുവരെ കളിച്ചിട്ടുള്ള താരങ്ങളുടെ ഫൈവ്-എ സൈഡ് ടീമിൽ ഒരു ഗോൾകീപ്പർ, ഒരു ഡിഫെൻഡർ, രണ്ട് മിഡ്ഫീൽഡർ, ഒരു സ്ട്രൈകർ എന്നിവരെയാണ് ജർമൻ സ്നൈപ്പർ എന്ന് വിളിപ്പേരുള്ള ടോണി ക്രൂസ് തിരഞ്ഞെടുത്തത്.
ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന് ടോണി ക്രൂസ് വിശേഷിപ്പിച്ചിട്ടുള്ള പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന് ടോണി ക്രൂസ് വിശേഷിപ്പിച്ചിട്ടുള്ള സ്പാനിഷ് ഇതിഹാസം സെർജിയോ റാമോസ് എന്നിവരൊന്നും ടോണി ക്രൂസിന്റെ റയൽ മാഡ്രിഡ് ഫൈവ്-എ സൈഡ് ടീമിൽ ഇടം നേടിയില്ല എന്നത് ശ്രേദ്ദേയമായ കാര്യമാണ്.
438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകൾ റയലിനു വേണ്ടി നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, നിലവിൽ റയലിന്റെയും ഫുട്ബോൾ ചരിത്രത്തിലെയും ടോപ് സ്കോററാണ്. സെർജിയോ റാമോസ് എന്ന മനുഷ്യൻ റയൽ മാഡ്രിഡ് ക്ലബ്ബിനും ആരാധകർക്കും എത്ര പ്രിയപ്പെട്ടവനാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. എങ്കിലും, ആൽഫ്രഡോ ഡി സ്റ്റെഫാനോ, ലൂക്ക മോഡ്രിച്ച് തുടങ്ങിയ ചില സൂപ്പർ താരങ്ങൾക്കും ക്രൂസിന്റെ ഫൈവ്-എ സൈഡ് ടീമിൽ സ്ഥാനമില്ല.
അതേസമയം, ടോണി ക്രൂസ് തിരഞ്ഞെടുത്ത റയൽ മാഡ്രിഡ് ഫൈവ്-എ സൈഡ് ടീമിൽ ഇടം നേടിയ താരങ്ങളിൽ ഗോൾകീപ്പറായി സ്പാനിഷ് ഇതിഹാസം ഐകർ കസിയസ് ആണ് ഉള്ളത്. ഫുൾ ബാക്കായി ബ്രസീലിയൻ ഇതിഹാസമായ റോബെർട്ടോ കാർലോസിനെ ആണ് ടോണി ക്രൂസ് തിരഞ്ഞെടുത്തത്.
മിഡ്‌ഫീൽഡിൽ ഉൾപ്പെട്ട രണ്ട് താരങ്ങളിലൊരാൾ ഫ്രാൻസ് ഇതിഹാസവും റയൽ മാഡ്രിഡ് മുൻ പരിശീലകനുമായ സിനദിൻ സിദാൻ, റയൽ മാഡ്രിഡിനു വേണ്ടി ആകെ കളിച്ചിട്ടുള്ള എട്ടു ജർമൻ താരങ്ങളിൽ ഒരാളായ, 1977 മുതൽ 1985 വരെ ക്ലബിൽ ഉണ്ടായിരുന്ന ഉളി സ്റ്റീലികേയെയുമാണ് ടോണി ക്രൂസ് മധ്യനിരയിലേക്ക് തിരഞ്ഞെടുത്തത്. ടീമിന്റെ പ്രധാന സ്‌ട്രൈക്കർ സ്ഥാനത്ത് റൗൾ ഗോൺസാലസിനെയുമാണ് ടോണി ക്രൂസ് തിരഞ്ഞെടുത്തിരിക്കുന്നത്.