ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകുന്നേരം നാല് മണിക്ക് പെർത്തിലാണ് മത്സരം. ആദ്യ രണ്ട് മൽസരങ്ങളിൽ പാകിസ്‌താനെയും ഹോളണ്ടിനെയും പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇന്ന് വിജയിച്ചാൽ സെമി ബെർത്ത് ഉറപ്പിക്കാം.
മറുഭാഗത്ത് സൗത്ത് ആഫ്രിക്ക കരുത്തരായ എതിരാളികളാണ്. റീലി റൂസ്സോയുടെ ബാറ്റിങ് മികവ് തന്നെയാണ് അവരുടെ മുൻതൂക്കം. ഇതിനിടയിൽ ഇന്ത്യൻ ടീമിൽ ഇന്ന് മാറ്റങ്ങളുണ്ടെയെക്കാം എന്ന വാർത്തയോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍.
സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യ നിന്നിറങ്ങുമ്പോൾ ഉപനായകൻ ലോകേഷ് രാഹുലിന് പകരം ഋഷഭ് പന്ത് ഓപ്പണിങ് ചെയ്യുമെന്നായിരുന്നു റിപോർട്ടുകൾ. എന്നാൽ കെ എല്‍ രാഹുലിനെ ആദ്യ ഇലവനില്‍ നിന്ന് മാറ്റുന്ന കാര്യം ടീം ഇന്ത്യ ആലോചിക്കുന്നില്ലെന്ന് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍ തുറന്ന് പറഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ സാധിക്കാത്ത രാഹുലിന് പകരം നായകൻ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണിംഗ് കൂട്ടിക്കെട്ടിൽ ഋഷഭ് പന്ത് എത്തുമെന്നായിരുന്നു റിപോർട്ടുകൾ. എന്നാൽ രാഹുല്‍ മികച്ച രീതിയില്‍ തന്നെ ബാറ്റ് ചെയ്യുന്നുണ്ടെന്നും പരിശീലന മത്സരങ്ങളില്‍ മികവ് പ്രകടിച്ചിരുന്നുവെന്നുമാണ് വിക്രം റാത്തോർ പറയുന്നത്.
അതെ സമയം ഇന്നത്തെ രാഹുലിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിർണായകമാണ്. കാരണം സൗത്ത് ആഫ്രിക്ക പോലുള്ള വമ്പൻ എതിരാളികൾ വരുമ്പോൾ മികച്ച തുടക്കം നൽകേണ്ടത് രാഹുലിന്റെ ഉത്തരവാദിത്വമാണ്. ആദ്യ രണ്ട് കളിയിലേത് പോലെ പെട്ടെന്ന് പുറത്തായാൽ പിന്നീടുള്ള ബാറ്റർമാർക്ക് അത് കടുത്ത സമ്മർദ്ദം നൽകും. സൗത്ത് ആഫ്രിക്ക പോലുള്ള ടീമിന് മുന്നിൽ സമ്മർദ്ദത്തിലായാൽ അത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാവും.