ഡാനി അൽവസ് എന്ന താരത്തെ നമ്മളിൽ പലർക്കും ഇഷ്ടമാണ്. ബ്രസീലിനും ബാഴ്സയ്ക്കും യുവന്റസിനുമൊക്കെ മിന്നും പ്രകടനം നടത്തിയ ഡാനിയുടെ ഇപ്പോഴത്തെ അവസ്ഥ ആരുടേയും മനസ്സ് തകർക്കുന്നതാണ്. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ അദ്ദേഹം ജയിലിൽ നിരാഹാരം കിടക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
കഴിഞ്ഞ ജനുവരി 20നാണ് സ്പെയിനിൽ ലൈംഗിക പീഡനക്കേസിൽ ഡാനി അൽവസ് അറസ്റ്റിലാവുന്നത്. പുതുവത്സരാഘോഷത്തിനിടെ സ്പാനിഷ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. എന്നാൽ ഈ അറസ്റ്റിന് പിന്നാലെ ഡാനിയുടെ ഭാര്യയും മോഡലുമായ സാൻസ് താരത്തെ ജയിലിലെത്തി സന്ദർശിച്ചിരുന്നു. വിവാഹ മോചനം ആവശ്യപ്പെട്ടായിരുന്നു ഭാര്യയുടെ ആ സന്ദർശനം.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഭാര്യ സാൻസ് വിവാഹബന്ധം വേർപ്പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഭാര്യയുടെ ഈ പ്രഖ്യാപനത്തിൽ മനംനൊന്ത ഡാനി ആൽവസ് ജയിലിൽ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ നിരാഹാരമിരിക്കുകയാണ്.
വിവാഹമോചന വാർത്തകൾക്കു പിന്നാലെ ഡാനി അപ്പാടെ തകർന്നിരിക്കുകയാണെന്നാണ് ജയിൽവൃത്തങ്ങളെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല. എപ്പോഴും ഒറ്റയ്ക്കിരിക്കാനാണ് താൽപര്യപ്പെടുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
തന്റെ നെടുംതൂണാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് പീഡനക്കേസിൽ ഡാനി ആൽവസ് ജയിലിലായതിനു പിന്നാലെ ഭാര്യ ജൊവാന സാൻസ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഭാര്യയുടെ വിവാഹമോചന പ്രഖ്യാപനം.