സാക്ഷാൽ ലയണൽ മെസ്സിയെ ഓർമിപ്പിക്കും വിധം കിടിലൻ ഗോൾ നേടി മലയാളി താരം പിവി വിഷ്ണു. ഗോൾ കീപ്പർ അടക്കം 7 പേരെ മറികടന്നാണ് വിഷ്ണു ഈ കിടിലൻ ഗോൾ സ്വന്തമാക്കിയത്.
റിലയൻസ് ഫൗണ്ടേഷൻ ഡെവലെപ്മെന്റ് ലീഗിന്റെ നാഷണൽ ഗ്രൂപ് സ്റ്റേജിലാണ് ഈ മലയാളി താരത്തിന്റെ സുന്ദരഗോൾ. ഡൽഹി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആദമ യൂണൈറ്റഡിനെതിരെയാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ബൂട്ടണിഞ്ഞ വിഷ്ണു ഗോൾ നേടിയത്.
മത്സരത്തിന്റെ അറുപതാം മിനുട്ടിലാണ് വിഷ്ണുവിന്റെ ഈ ഗോൾ പിറന്നത്. ഗോൾ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പലരും മെസ്സിയുടെ ഗോളിനെ ഓർമിപ്പിക്കുന്ന എന്ന അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിഷ്ണുവിന്റെ ഈസ്റ്റ് ബംഗാൾ വിജയിക്കുകയും ചെയ്തു.
22 കാരനായ വിഷ്ണു കാസർകോട് സ്വദേശിയാണ്. മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയുടെ വളർന്ന് വന്ന വിഷ്ണു ഈ വർഷമാണ് ഈസ്റ്റ് ബംഗാളിന്റെ ടീമിൽ ഭാഗമാവുന്നത്. ഇന്ത്യൻ അണ്ടർ 23 ടീമിലും വിഷ്ണു ഭാഗമായിട്ടുണ്ട്.
ഈസ്റ്റ് ബംഗാളിന് വേണ്ടി കൊൽക്കത്ത ലീഗ് അടക്കമുള്ള ലീഗുകളിൽ കളിച്ച വിഷ്ണു ഉടൻ തന്നെ രാജ്യത്തെ മികച്ച മുന്നേറ്റ നിര താരമായി മാറുമെന്നതിൽ യാതൊരു സംശയവുമില്ല.