കയ്യക്ഷരം നന്നാവാത്തതിന് പേനയെ കുറ്റം പറയുന്ന രീതിയാണ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെത്. താൻ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ദേശീയ ടീം പരാജയപ്പെട്ടാൽ അതിന് മറച്ച് വെയ്ക്കാൻ മറ്റു പല കാരണങ്ങളും സ്റ്റിമാച്ച് വിദഗ്ധമായി കണ്ട് പിടിക്കുന്നു.
ഇന്ത്യ തോൽക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ശൈലിയെ കുറ്റം പറഞ്ഞും പരിശീലനത്തിന് കൂടുതൽ സമയം കിട്ടിയില്ല എന്ന ന്യായീകരണമാണ് സ്റ്റിമാച് നടത്താറുള്ളത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ ഏഷ്യ കപ്പിൽ നിന്നും ദയനീയമായി പുറത്തായപ്പോൾ ലോകകപ്പ് യോഗ്യത നേടിതാരമെന്ന വാഗ്ദാനം നൽകി സ്റ്റിമാച്ച് സ്‌കൂട്ടായി.
ഇപ്പോഴിതാ സ്റ്റിമാച്ചിന് കടുത്ത നിർദേശം നൽകിയിരിക്കുകയാണ് എഐഎഫ്എഫ്. ഇന്ത്യൻ ഫുട്ബോളിനെ പറ്റിയോ എഐഎഫ്എഫിനെ പറ്റിയോ മുൻകൂർ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിലോ പൊതുപ്ലാറ്റ്ഫോമിലോ അഭിപ്രായ പ്രകടനം നടത്താൻ പാടില്ല എന്നാണ് എഐഎഫ്എഫിന്റെ നിർദേശം.
ടീം തോൽക്കുമ്പോൾ ഇന്ത്യൻ ഫുട്ബോൾ ശൈലിയെയോ ഐഎഫ്എഫിനെയോ പരോക്ഷമായി വിമർശനം നടത്തുന്ന സ്റ്റിമാച്ചിന്റെ രീതികളോട് എഐഎഫ്എഫിനും കലിപ്പായി തുടങ്ങി എന്ന് വേണം ഈ സംഭവത്തിൽ നിന്നും അനുമാനിക്കാൻ.