നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹീറോ സൂപ്പർ കപ്പിന് കേരളം വീണ്ടും വേദി ആവുന്നത് അതും ഫുട്‍ബോളിന്റെ വേരോട്ടമുള്ള കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും മണ്ണിൽ.
ഈ വർഷത്തെ ടൂർണമെന്റ് കേരളത്തിൽ നടക്കുമെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം മത്സരങ്ങൾക്കൊന്നും വേദിയാകില്ല. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയവും മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയവുമാണ് ആതിഥേയത്വം വഹിക്കുന്നത്.സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എ യില്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ബംഗളൂരു എഫ് സിയും ഗ്രൂപ്പ് എ യില്‍ ആണെന്നതാണ് ശ്രദ്ധേയം. 2022 – 2023 സീസണ്‍ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ഗ്രൂപ്പ് എ യിലെ മറ്റൊരു ടീം.യോഗ്യതാ റൗണ്ട് കടന്ന് എത്തുന്ന ഒരു ടീമും ഗ്രൂപ്പ് എ യില്‍ ചേരും. ഏപ്രില്‍ എട്ടിന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിക്ക് എതിരേ ആണ് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഗ്രൂപ്പ് എ യില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ ആദ്യ മത്സരം. ഏപ്രില്‍ 16 ന് ആണ് ബംഗളൂരു എഫ് സി x കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആവേശ പോരാട്ടം.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് വിലക്ക് നേരിടുന്നത് കൊണ്ട് സഹ പരിശീലകനായി സേവനം ചെയ്യുന്ന ഇഷ്ഫാഖ് അഹമ്മദ് ആവും സൂപ്പർ കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഒരുക്കുന്ന ചുമതല.