ഒരിക്കൽ റയൽ മാഡ്രിഡ് ക്ലബ്ബിൻറെ സൂപ്പർ സഹതാരങ്ങളായിരുന്നു കരീം ബെൻസിമയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസിമ, ഗാരെത് ബെലെ എന്നീ മൂവർ സംഘത്തെ ബി ബി സി എന്ന വിശേഷണം തന്നെയാണ് അന്ന് ഫുട്ബോൾ ലോകം നൽകിയത്.നിലവിൽ കരീം ബെന്സിമ മാത്രമാണ് റയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെത് ബെയിലും നേരത്തെ തന്നെ ടീം വിട്ടവരാണ്.
ഇപ്പോൾ തന്റെ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി കരീം ബെൻസിമ പറഞ്ഞ വാക്കുകളാണ് വലിയ രീതിയിൽ ചർച്ചയാകുന്നത്. ബാലൻ ഡി ഓർ നേടിയതിന് ശേഷം റൊണാൾഡോ തനിക്ക് അഭിനന്ദനമായി ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല എന്നാണ് കരീം ബെൻസിമയുടെ വെളിപ്പെടുത്തൽ.
പ്രശസ്ത മാധ്യമമായ ടൂട്ടിഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് കരീം ബെൻസിമ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിനോടകം തന്നെ കരീം ബെൻസിമയുടെ ഈ വാക്കുകൾ വലിയ രീതിയിൽ ചർച്ചയാകുകയും റൊണാൾഡോക്കെതിരെ ചില റയൽ മാഡ്രിഡ് ആരാധകർ തിരിയുകയും ചെയ്തിട്ടുണ്ട്.താങ്കളുടെ സഹതാരമായ കരീം ബെൻസിമക്ക് ഒരു അഭിനന്ദന സന്ദേശം പോലും അയച്ചുകൂടായിരുന്നോ എന്നാണ് പല റയൽ മാഡ്രിഡ് ആരാധകരും റൊണാൾഡോയോട് ചോദിക്കുന്നത്.
അതേ സമയം റൊണാൾഡോയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മറ്റു വിവാദങ്ങളും ഇപ്പോൾ സംസാര വിഷയമാണ്.അതിലൊന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ടെൻ ഹാഗിനെതിരെ നടത്തിയ വിമർശനം. ടെൻ ഹാഗ് തന്നെ ബഹുമാനിക്കുന്നില്ല എന്നും അതുകൊണ്ട് ഞാനും തിരിച്ചു അദ്ദേഹത്തെ ബഹുമാനിക്കാറില്ല എന്നുമാണ് റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തന്നെ പുറത്താകാൻ ഒരുപാട് ആളുകൾ ശ്രമിക്കുന്നു എന്നുള്ള ഗുരുതരമായ വിമർശനം ക്രിസ്ത്യാനോ റൊണാൾഡോ നടത്തുമ്പോൾ അദ്ദേഹം ഇനിയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുമോ എന്നുള്ള കാര്യം സംശയം തന്നെയാണ്..