സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി വിടുന്നു. പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ നാഷണലാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
കഴിഞ്ഞവർഷം ഡിസംബറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും താരം സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽനസ്‌റിൽ എത്തുന്നത്. 2025 വരെ റൊണാൾഡോക്ക് അൽ നസ്റുമായി കരാറുണ്ട്.
എന്നാൽ ഈ കരാർ അവസാനിപ്പിക്കാൻ താരം ഒരുങ്ങുന്നുവെന്നാണ് എൽ നാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. താരം വീണ്ടും യൂറോപ്പിലേക്ക് മടങ്ങിയെത്താനും യൂറോപ്പിലെ ഏതെങ്കിലും ഒരു ക്ലബ്ബിൽ കളിക്കാനും ആഗ്രഹിക്കുന്നതായി പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു.
അൽ നസറിൽ റൊണാൾഡോ മികച്ച പ്രകടനം നടത്തിയെങ്കിലും റൊണാൾഡോയുടെ വരവിന് ശേഷം അൽ നസ്റിന്റെ പ്രകടനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. സൗദി ലീഗിൽ ഒന്നാമതായിരുന്ന അൽ നസ്ർ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. കൂടാതെ ആഭ്യന്തര കപ്പുകളിലും ടീം പുറത്തായി. ഇതൊക്കെ റൊണാൾഡോയ്ക്ക് സൗദി മടുക്കാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡ് താരത്തിന് നോൺ പ്ലെയിങ് അംബാസഡർ സ്ഥാനം വാഗ്ദാനം ചെയ്തതായും നേരത്തെ എൽ നാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു.