കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന തലവേദനകളിൽ ഒന്നായിരുന്നു ആടിയുലഞ്ഞ പ്രതിരോധം. സന്ദീപ് സിംഗിന്റെ പരിക്കും ജെസ്സൽ, ഖബ്ര, നിശൂ എന്നിവരുടെ മോശം ഫോമും ഹോർമിപാമിന് പകരം മികച്ച ഇന്ത്യൻ സെന്റർ ബാക്ക് ഇല്ലാത്തതും ബ്ലാസ്‌റ്റേഴ്‌സിനെ വലച്ച കാര്യങ്ങളാണ്.
എന്നാൽ ഇത്തവണ പ്രതിരോധം അഴിച്ചു പണിയാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. അതിനായി ചില നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ടെന്നാണ് റിപോർട്ടുകൾ. ഐബാൻ ഡോഹ്ലിങ്, സുബാഷിഷ് ബോസ് അങ്ങനെ പല പ്രമുഖരും ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ട്.
ബ്ലാസ്റ്റേഴ്‌സിലേക്ക് അവൻ വരും ഇവൻ വരുമെന്നൊക്കെയുള്ള അഭ്യൂഹങ്ങൾക്ക് പരക്കുന്നുണ്ടെങ്കിലും ഇത് വരെ ബ്ലാസ്റ്റേഴ്‌സ് പ്രബീർ ദാസ് ഒഴികെ ഒരു പ്രതിരോധ താരത്തെയും സൈൻ ചെയ്തിട്ടില്ല. ഇത്തവണ പ്രതിരോധ നിരയിൽ നിന്ന് ഖബ്ര, ജെസ്സൽ, നിശൂ എന്നീ 3 ഇന്ത്യൻ താരങ്ങളാണ് ടീം വിട്ടത്. 3 താരങ്ങൾ ടീം വിട്ട പ്രതിരോധത്തിലേക്ക് ആകെ പുതുതായി വന്നത് പ്രബീർ ദാസ് മാത്രമാണ്. ബാക്കിയൊക്കെ റൂമറുകൾ മാത്രമാണ്.
ഇത് ഒരു തരത്തിൽ ബ്ലാസ്റ്റേഴ്സിന് അപകടമാണ്. 3 ഇന്ത്യൻ പ്രതിരോധ താരങ്ങളെ ഇതിനോടകം റിലീസ് ചെയ്ത ബ്ലാസ്റ്റേഴ്സിന് അത്രയും പ്രതിരോധ താരങ്ങളെ പുതുതായി ടീമിൽ എത്തിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അടുത്ത സീസണിൽ പ്രതിരോധം ഇതിലും മോശമാവും.പ്രതിരോധ നിരയിലേക്ക് വമ്പൻ താരങ്ങൾ വരുമെന്ന റൂമറുകൾ ഉണ്ടെങ്കിലും അതൊക്കെ റൂമറുകൾ മാത്രമാണ്. നരേന്ദ്ര ഗെഹ്‌ലോട്ടും, ഇഷാൻ പണ്ഡിതയുമൊക്കെ കുറച്ച് വർഷങ്ങളായി ബ്ലാസ്റ്റേഴ്സിന്റെ റൂമറുകൾ മാത്രമാണ്. അതായത് റൂമറുകൾ കൂടുതൽ വിശ്വസിക്കരുതെന്ന് സാരം.
പ്രതിരോധ നിരയിലേക്ക് ചില താരങ്ങളുമായി പ്രാരംഭ കരാറിലെത്തിയതിന് ശേഷം മാത്രം ബ്ലാസ്റ്റേഴ്‌സ് ഖബ്ര, നിശൂ കുമാർ എന്നീ താരങ്ങളെ റിലീസ് ചെയ്‌താൽ മതിയായിരുന്നു. അല്ലെങ്കിൽ കടിച്ചതും കിട്ടിയില്ല പിടിച്ചതും കിട്ടിയില്ല എന്ന അവസ്ഥയാകും ബ്ലാസ്റ്റേഴ്സിന്. പുതിയ പ്രതിരോധ താരങ്ങളുമായി പ്രാരംഭ ചർച്ചകൾ പോലും നടത്താതെ പഴയ പ്രതിരോധ താരങ്ങളെ ടീം വിടാൻ അനുവദിച്ചത് ചിലപ്പോൾ മണ്ടൻ തിരുമാനമാവാനും സാധ്യതയുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും തട്ടിക്കൂട്ട് താരങ്ങളെ വെച്ച് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ പ്രതിരോധം പണിയും.