ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളാണ് ബ്രസീൽ.എല്ലാ ലോക കപ്പും കളിച്ച ബ്രസീൽ ഇത്തവണ കിരീടം ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങുന്നത്.സൂപ്പർ താരം നെയ്മറെ കേന്ദ്രീകരിച്ചു കൊണ്ടുള്ളതാണ് ബ്രസീലിൻ്റെ ഗെയിം പ്ലാനും കിരീട പ്രതീക്ഷകളും.
ബ്രസീലിനും നെയ്മർക്കും വലിയ രീതിയിൽ ആരാധകരുണ്ട്. എന്നാൽ ഫിഫ ലോക കപ്പ് അടുക്കുമ്പോൾ ഫിഫക്ക് പോലും നെയ്മറിനെ വേണ്ടേ എന്നുള്ള പരിഹാസ രൂപേണയുള്ള കമന്റുകളാണ് ഇപ്പോൾ വൈറലാകുന്നത്.അതിനുള്ള കാരണം കഴിഞ്ഞ ദിവസം ഫിഫാ വേൾഡ് കപ്പിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കവർ ചിത്രം തന്നെയാണ്.
ഫിഫയുടെ ഈ കവർ ചിത്രത്തിൽ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോസ്കി കിലിയൻ എംബാപ്പെ എന്നീ നാല് താരങ്ങളുടെ ചിത്രമാണുള്ളത്.. എന്നാൽ ഈ കവർ ചിത്രത്തിൽ ബ്രസീൽ താരമായ നെയ്മറുടെ ചിത്രമില്ല.
ഇതോടുകൂടിയാണ് പലരും ഇതിനെ ചോദ്യം ചെയ്യുകയും ഈ സംഭവത്തിൽ ബ്രസീലിനെതിരെയും നെയ്മറിനെതിരെയും പരിഹാസ രൂപേണ കമന്റുമായി രംഗത്ത് വരികയും ചെയ്തത്.ഫിഫക്ക് പോലും നെയ്മറെ വേണ്ടേ, എന്നുള്ളതും നെയ്മറെ നൈസായി ഒഴിവാക്കി എന്നുള്ള മലയാളം കമന്റുകൾ അടക്കം ഈ കവർ ചിത്രത്തിനു താഴെ കമൻ്റായി രേഖപ്പെടുത്തുന്നുണ്ട്.
എന്നാൽ ഫിഫയുടെ ഇതേ ഫേസ്ബുക്ക് പേജിൽ ബ്രസീൽ ഫുട്ബോളിനെ പ്രതിപാദിച്ചു കൊണ്ടുള്ള ഒരു വീഡിയോ ഉണ്ട് എന്നും അതൊന്നും നിങ്ങൾ കാണുന്നില്ലെ എന്നും ചിലർ മറുപടി നൽകുന്നുണ്ട്. ഇവരുടെ മറുപടി പോലെ തന്നെ ഫിഫ ബ്രസീൽ ഫുട്ബോളിനെ ആസ്പദമാക്കി കൊണ്ടുള്ള ഒരു വീഡിയോയും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇട്ടിരുന്നു.
ഏതായാലും ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കവർ ചിത്രത്തിൽ നെയ്മറിനെ ഉൾപ്പെടുത്താത്തത് നെയ്മർ ആരാധകരും ബ്രസീൽ ആരാധകരും നിരാശയിലാണ്. വരും ദിവസങ്ങളിൽ ഈ വിമർശനങ്ങൾ കണക്കിലെടുത്ത് നെയ്മറെയും ഫിഫ ഉൾപ്പെടുത്തുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്..