എതിരാളികളുടെ അലയടിച്ചെത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്ന പടത്തലവന് ഒരല്പം വില്ലൻ സ്വഭാവം ഒക്കെ ആവാം എന്നാണ് ഫുട്ബോളിലെ പൊതുവായ ധാരണ. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയ കപ്പിത്താനായ ആരോൺ ഹ്യൂസ് എന്ന നായകനെ സംബന്ധിച്ചിടത്തോളം ആക്രമണവും വയലൻസും എല്ലാം അദേഹത്തിത്തിന് അപവാദമാണ്.
എത്ര മനോഹരമായാണ് അയാൾ കളിക്കളത്തിൽ എതിരാളികളെ നേരിടുന്നത്. ശാന്ത ചിത്തനായി ഒരേസമയം പുഞ്ചിരിച്ചുകൊണ്ട്
എതിരാളികളെ നേരിടുമ്പോൾ പോലും അയാൾ അയാളുടെ കർമ്മത്തിൽ നിന്നും അണുവിട പോലും വ്യതിചലിക്കുന്നില്ല. അയാളെ മറി കടന്നു പോകുവാൻ ഏത് കൊലകൊമ്പനും ഒന്ന് വിയർക്കേണ്ടി വരും.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം സീസണിൽ ഒരമ്മ കൈക്കുഞ്ഞിനെ എന്ന പോലെ തുടക്കം മുതൽ ഒടുക്കം വരെ കേരള ബ്ലാസ്റ്റേഴ്സ് എന്ന താരമൂല്യം കുറഞ്ഞ ഒരു ടീമിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നായകന്റെ മികവ് വളരെ വലുതായിരുന്നു.
ഒരുപക്ഷേ ഫൈനൽ മത്സരത്തിൽ പരിക്കേറ്റ് അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നില്ലായിരുന്നെങ്കിൽ ആ കിരീടം ബ്ലാസ്റ്റേഴ്സ് ഷെൽഫിൽ ഇരിക്കുമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ഭൂരിഭാഗവും.
യൂറോ കപ്പ് ഫൈനൽ മത്സരത്തിൽ പരിക്കേറ്റ ശേഷവും തന്റെ ടീമിനായി തന്റെ ശരീരത്തിലെ അവസാനത്തെ ഊർജ്ജ കണിക വരെയും വറ്റി തീരും വരെ കടുത്ത വേദന സഹിച്ചു കളിക്കാൻ മനസ്സു കാണിച്ച ക്രിസ്ത്യാനോ റൊണാൾഡോയെപ്പോലെ അസാമാന്യമായ ഒരു സമ്മർപ്പണബോധം ഇന്ത്യൻ സൂപ്പർ ലീഗ് മൂനാം സീസൺ ഫൈനൽ മത്സരത്തിൽ ആരോൺ ഹ്യൂസ് എന്ന പടനായകൻ കാഴ്ചവെച്ച ശേഷമായിരുന്നു കടുത്ത വേദനയാൽ കണ്ണീർവാർത്തുകൊണ്ട് പാതി വഴിയിൽ കളി മതിയാക്കി കളിക്കളത്തിൽ നിന്നും അയാൾ തിരിച്ചുകയറിയത്.
അയാളെയൊക്കെ മറക്കുക എന്ന് പറഞ്ഞാൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീതി കേടുകളിൽ ഒന്നാകും അത്.
ഫൗൾ ചെയ്യാൻ അറിയാത്ത, ഫൗളുകൾ കൊണ്ട് തളർത്താനാവാത്ത നോർത്തേൺ അയർലാൻഡിനെ യുറോ കപ്പിൽ ചരിത്ര മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച നായകനെ അതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുകയായിരുന്നു.
ലോകോത്തര മുന്നേറ്റ താരങ്ങളെ നേരിട്ടപ്പോഴും ചരിത്രത്തിൽ ഇതുവരെ റെഡ് കാർഡ് വാങ്ങാത്ത ഡിഫൻഡർ അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി.
വെയ്ൻ റൂണി, ഡിയേഗോ ഫോർലാൻ തുടങ്ങി ലോകോത്തര ഇതിഹാസങ്ങളെ തടഞ്ഞ പ്രതിരോധമികവ് മലയാളമണ്ണിലും അതേ കരുത്തോടെ, എന്നാൽ അങ്ങേയറ്റം മാന്യതയോടെ അദ്ദേഹം നിർവഹിച്ചു. ഒരിക്കൽ പോലും എതിരാളികൾക്ക് അപകടകരമാവാത്ത ടാക്കിളുകൾ മലയാളികളുടെ പ്രിയ താരത്തെ വ്യത്യസ്തനാക്കുന്നു.
100% ആത്മാർത്ഥമായി തന്റെ ജോലി ചെയ്ത ഹ്യൂസ് ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച ക്യാപ്റ്റൻ ആണ്.
ആ സീസണിൽ ഗോൾ ശരാശരിയിലും വിജയങ്ങളുടെ കണക്കിലും പിന്നിൽ ആയിരുന്ന കൊമ്പന്മാരെ സ്വപ്നതുല്യമായി ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയത് ഹ്യൂസ് നയിച്ച പ്രതിരോധനിര ഉയർത്തിയ പൊട്ടാത്ത കോട്ടയായിരുന്നു.
കാലവും കാൽപന്തും ഇനിയെത്ര മുന്നോട്ട് പോയാലും ആരോൺ ഹ്യൂസ് എന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സിൽ നിറഞ്ഞുനിൽകും എന്ന കാര്യത്തിൽ സംശയമില്ല.