കോഴിക്കോടിന്റെ മണ്ണിൽ ഇഎംഎസ് സ്റ്റേഡിയത്തെ സാക്ഷിയാക്കി ഐ ലീഗ് മത്സരത്തിൽ മികച്ച വിജയം നേടിയെടുത്ത് നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി പോയന്റ് ടേബിളിൽ മുൻനിരയിൽ.
കോഴിക്കോട് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന ഐ ലീഗ് മത്സരത്തിൽ റിയൽ കാശ്മീരിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു രണ്ട് തവണ ഐലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരളയുടെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 35-മിനിറ്റിൽ സമാൻ നേടുന്ന ഗോളിൽ ലീഡ് നേടിയ ഗോകുലം കേരള എഫ്സി തങ്ങളുടെ ന്യൂ സൈനിങായ മലയാളി താരം ജോബി ജസ്റ്റിനിലൂടെ 86-മിനിറ്റിൽ രണ്ടാം ഗോളും നേടി വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ വിജയിച്ചതോടെ സ്പാനിഷ് പരിശീലകൻ ബോനറ്റിന് കീഴിലുള്ള ഗോകുലം കേരള എഫ്സി പോയന്റ് ടേബിളിൽ 12 കളിയിൽ നിന്നും 21 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തി. തുടർച്ചയായ വർഷങ്ങളിൽ ഹാട്രിക് ഐ ലീഗ് കിരീടം എന്ന റെക്കോർഡ് ഇത്തവണ കിരീടമുയർത്തിയാൽ ഗോകുലം കേരളക്ക് സ്വന്തമാക്കാം.