ഇന്ത്യൻ കായിക പ്രേമികളുടെ മനസ്സിൽ കുളിരണിയിച്ചു കൊണ്ട് ഇന്ത്യൻ ഹോക്കി ടീം ജാപ്പനീസ് മണ്ണിൽ നിന്നും മടങ്ങുന്നത് ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞു കൊണ്ടായിരിക്കും. സെമിഫൈനൽ മത്സരത്തിൽ കരുത്തരായ എതിരാളിക്കെതിരെ വീരോചിതമായി പൊരുതി വെങ്കലമെഡൽ നേട്ടത്തിൽ ഇന്ത്യ എത്തിയിരിക്കുകയാണ്. 41 വർഷങ്ങൾക്കിപ്പുറം ഒരു ഒളിമ്പിക് മെഡൽ ഹോക്കിയുടെ തറവാട്ടിലേക്ക്.
മത്സരത്തിൽ തുടക്കത്തിൽതന്നെ ഇന്ത്യക്കെതിരെ ഗോൾ നേടിയ ജർമനി ലീഡ് ഏറ്റെടുത്തെങ്കിലും ഇന്ത്യൻ പോരാളികളുടെ പോരാട്ടവീര്യത്തിന് മുന്നിൽ അവർക്ക് അടിയറവു പറയേണ്ടി വന്നു. പതിനാറാം മിനിറ്റിൽ സിമ്രൻ ജിത്തിലൂടെ ഇന്ത്യ ഗോൾ മടക്കി സമനില പിടിച്ചു.
എന്നാൽ ഇരുപത്തിമൂന്നാം മിനിറ്റിൽ ജർമൻ താരം നിക്ലസ്വേലൻസ് ഒരു ഗോൾ കൂടി നേടി ജർമനിയ്ക്കായി വീണ്ടും ലീഡ് നേടി. തൊട്ടുപിന്നാലെ ഇന്ത്യയുടെ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ജർമ്മനി ഒരു ഗോൾ നേടി 3-1 എന്ന ലീഡിലേക്ക് കുതിച്ചു.
പിന്നീട് ഒളിമ്പിക് പാർക്കിലെ ഹോക്കി വില്ലേജ് സാക്ഷ്യംവഹിച്ചത് ചാരത്തിൽ നിന്നും കുതിച്ചുയരുന്ന ഫീനിക്സ് പക്ഷിയെ പോലെ സമാനതകളില്ലാത്ത വിധം ഇന്ത്യൻ ഹോക്കി ടീമിന്റെ ഐതിഹാസികമായ കുതിപ്പിനും തിരിച്ചുവരവിനും ആയിരുന്നു. ജർമൻ ഗോൾ പോസ്റ്റിലേക്ക് ഇന്ത്യയുടെ കടന്നാക്രമണം ആയിരുന്നു പിന്നീട് ഓരോ മിനിറ്റിലും നാം കണ്ടത്.
27 ആം മിനിറ്റിൽ ഹാർദിക് ഒരു ഗോൾ നേടി ജർമനിയുടെ ലീഡ് ഒന്നായി കുറയ്ക്കുന്നു. 29 ആം മിനിറ്റിൽ ഹർമൻപ്രീത് മറ്റൊരു ഗോളിലൂടെ സമനില പിടിക്കുന്നു. മുപ്പത്തിയൊന്നാം മിനിറ്റിൽ ഒരു രൂപീന്ദർ ഒരു ഗോൾ കൂടി നേടി ജർമനി ക്കെതിരെ ഇന്ത്യയ്ക്ക് ആദ്യത്തെ ലീഡ് സമ്മാനിക്കുന്നു.
പതിനേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ സിമ്രൻഞ്ജിത്ത് 34ആം മിനിറ്റിൽ മറ്റൊരു ഗോൾ കൂടി നേടുമ്പോൾ ഇന്ത്യയുടെ ഗോൾ നേട്ടം 5 ആകുന്നു. ആദ്യം ലീഡ് നേടിയ ജർമനി അഞ്ചിന് എതിരെ മൂന്ന് ഗോളുകൾക്ക് ഇന്ത്യ പിന്നിലാക്കി. എന്നാൽ രണ്ട് ഗോളിന്റെകുഷ്യൻ ലീഡിന്റെ ആലസ്യത്തിൽ ഇന്ത്യയ്ക്ക് അധികനേരം ഇരിക്കാൻ കഴിഞ്ഞില്ല ജർമ്മനി അതിവേഗം തന്നെ ഒരു ഗോൾ നേടി ഇന്ത്യ വീണ്ടും മുൾമുനയിലാക്കി.
പിന്നീട് മലവെള്ളപ്പാച്ചിൽ പോലെ വന്ന് ജർമൻ ആക്രമണങ്ങളെ ശ്രീജേഷ് എന്ന് ഹിമാലയപർവതം തടഞ്ഞു നിർത്തുകയായിരുന്നു. കാലത്തിൻറെ കാവ്യനീതി പോലെ ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞു ഇന്ത്യൻ ടീം ഭാരത മണ്ണിൽ കാലു കുത്തുമ്പോൾ അതിനു നെടുനായകത്വം വഹിച്ചത് നമ്മുടെ മലയാളിതാരം ശ്രീജേഷ് എന്ന പ്രതിരോധ നായകനായിരുന്നു എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം