ബോക്സിങ്ങിൽ വീരോചിതമായ പോരാട്ടം നടത്തിയിട്ടും മെഡലുകൾ ഒന്നും ലഭിച്ചില്ല എന്ന ഇന്ത്യയുടെ സങ്കടത്തിന് ഇന്നത്തോടു കൂടി തീരുമാനം ആയിരിക്കുന്നു. 23 വയസുകാരിയായ ലോവ്ലിന ബോർഗോഖൻ ഇന്ത്യയ്ക്കായി ടോക്കിയോ ഒളിമ്പിക്സിൽ ബോക്‌സിങ്ങിൽ മെഡൽ നേടിയിരി ക്കുന്നു.
69 കിലോഗ്രാം വെൽറ്റർ വെയിറ്റ് കാറ്റഗറിയിൽ വളരെ മികച്ച പ്രകടനത്തിൽ കൂടി മെഡൽ ജേത്രിയുമായ ഈ ആസാമീസ് പെൺകുട്ടി അരങ്ങേറ്റത്തിൽ തന്നെ മെഡൽ നേട്ടം കൈവരിക്കുന്ന താരം കൂടിയായി. വെറും 23 വയസ്സ് മാത്രമാണ് ഭാരതത്തിൻറെ ഈ അഭിമാന പുത്രിക്ക് പ്രായം.
ഒരു ടീം ഡോക്ടറുടെ പോലും സേവനം ഇല്ലാതെ ഒളിമ്പിക്സിന് എത്തിയ ഇന്ത്യൻ ബോക്സിങ് ടീമിൻറെ അഭിമാന ഭാജനമാണ് ഇനി ഈ പെൺകുട്ടി. മറ്റെല്ലാവരും വീരോചിതമായ പോരാട്ടത്തിൽ കൂടി മനം കവർന്നെങ്കിലും മെഡൽ നേട്ടത്തിന് തൊട്ടരികിൽ വീണുപോയിട്ടുണ്ട്. എന്നാൽ പൊരുതി വീഴാതെ പിടിച്ചു നിന്നു മെഡൽ നേടിയവളാണ് ഈ ആസാമീസ് പെൺപുലി.
രാജ്യം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും എന്നും അവഗണനയുടെ കയ്പുനീർ മാത്രം കുടിച്ച വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിനിധിയായി വന്ന് ഇന്ത്യയുടെ അഭിമാനമായി ഉയർന്നുവരികയാണ് ഇന്ന് ഈ പെൺകുട്ടി ചെയ്തത്.
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ നിന്നും അവരെ കരകയറ്റാനുള്ള പ്രതീക്ഷയുടെ തിരി നാളം കൂടിയാണ് ലോവ്ലിനയുടെ ഈ വിജയം. ഇനിയെങ്കിലും നമ്മുടെ ഭരണകൂടങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതിക്ക് വേണ്ടിയും അവിടെയുള്ള പ്രതിഭകളെ നന്നായി കണ്ടെത്തി പരിചരിച്ചു വാർത്തെടുക്കുകയും ചെയ്താൽ-
കായിക പ്രതിഭകളുടെ കലവറയായ ഈ പ്രദേശത്തു നിന്നും ഒരുപാട് കായികപ്രതിഭകളെ നമുക്കു ലഭിക്കുകയും അവർ നമ്മുടെ രാജ്യത്തിൻറെ യശസ്സ് അന്താരാഷ്ട്ര വേദികളിൽ വാനോളം ഉയർത്തുകയും ചെയ്യും.