മുംബൈ സിറ്റി ട്രാൻസ്ഫർ വിപണിയിലേക്ക് വലവീശാൻ ഇറങ്ങിയാൽ പിന്നെ മറ്റെല്ലാവർക്കും കളത്തിന് പുറത്തിറങ്ങി കാഴ്ചക്കാരായി നോക്കിയിരിക്കേണ്ടിവരും എന്ന് നേരത്തെ തന്നെ ആവേശം ക്ലബ്ബ് റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈ സിറ്റിയുടെ ആദ്യ വിദേശ സൈനിങ് തന്നെ അത് സൂചിപ്പിക്കുന്നതാണ്.
കഴിഞ്ഞ സീസൺ മുഴുവൻ ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച സ്പാനിഷ് സ്ട്രൈക്കർ ഇഗോർ അംഗുലോയെ എഫ്സി ഗോവയുടെ ക്യാമ്പിൽ നിന്നും നൂൽ ഇട്ട് പൊക്കിയെടുത്തതു പോലെ വളരെ ലളിതമായി മുംബൈ സിറ്റിതങ്ങളുടെ ക്യാമ്പിൽ എത്തിച്ചു.
സിറ്റി ഗ്രൂപ്പിനെ പോലെ വളരെ വലിയ ഒരു രക്ഷകർതൃത്വ പിൻബലമുള്ള മുംബൈ സിറ്റിക്ക് കിടിലൻ വിദേശ താരങ്ങളെ പുഷ്പംപോലെ ഇന്ത്യൻ സൂപ്പർ ലീഗിൽ അണിനിരത്താൻ പറ്റും എന്നത് യുക്തിസഹമായി ചിന്തിച്ചാൽ പോലും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ഇഗോർ അംഗുലോ എന്ന സ്പാനിഷ് സ്‌ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലേക്ക് തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കുവാൻ ഏറെ ശ്രമിച്ചിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളെല്ലാം തകർത്തുകൊണ്ട് ഗോവ താരത്തിന് പോക്കുകയായിരുന്നു.
തൻറെ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനം തന്നെയായിരുന്നു കഴിഞ്ഞ സീസണിൽ അദ്ദേഹം പുലർത്തിയത് എതിർ ടീം ഡിഫൻഡർമാർക്ക് നിരന്തരം തലവേദനകൾ സൃഷ്ടിച്ചുകൊണ്ട് ഗോൾ അടിക്കുവാനും അടിപ്പിക്കുവാനും ഈ താരം വളരെ മുന്നിൽ തന്നെ നിന്നു.
കൊറോയുടെ അഭാവം ഒട്ടും ഗോവയെ അറിയിക്കാതെ കളിച്ച ഈഗോർ തന്നെയാണ് മുംബൈ സിറ്റി ആദ്യ സൈനിങ് ആയി ക്യാമ്പിൽ എത്തിച്ചു ഞെട്ടിച്ചത്.
ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇഗോറിനെ കൂടാതെ രണ്ട് വിദേശ താരങ്ങളുടെ കൂടെ സൈനിങ് നടപടിക്രമങ്ങൾ കൂടി സിറ്റി ഗ്രൂപ്പിന് കീഴിലുള്ള മുംബൈ സിറ്റി ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്.
വരുന്ന മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ചുകൊണ്ട് ആരൊക്കെയാണ് ട്രാൻസ്ഫറിൽ കൂടി വരുന്നത് എന്ന് അനൗൺസ് ചെയ്യുന്നതായിരിക്കും.