സ്റ്റീവൻ കോൺസ്റ്ററ്റൈൻ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ക്രൊയേഷ്യയിൽ നിന്നും ഇഗോർ സ്റ്റിമാച്ചിനെ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പകരക്കാരനായി കൊണ്ട് വരുന്നത്. സ്റ്റീവൻ കോൺസ്റ്ററ്റൈനിൽ നിന്നും ഇന്ത്യൻ ടീമിന് പുതിയ മികവ് സ്റ്റിമാച്ച് കൊണ്ട് വരുമെന്ന് പ്രതീക്ഷച്ചെങ്കിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് താഴെയുള്ളവരോട് പോലും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയായി ഇന്ത്യയുടേത്.
2019 ൽ ഇന്ത്യൻ ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത സ്റ്റിമാച്ച് ഇത് വരെ 30 മത്സരങ്ങളിലാണ് ഇന്ത്യയെ കളത്തിലിറക്കിയത്. അതിൽ ആകെ 9 വിജയം നേടാൻ മാത്രമേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. 10 സമനിലയും 11 പരാജയവുമാണ് സ്റ്റിമാച്ചിന് കീഴിലെ ഇന്ത്യയുടെ പ്രകടനം.
ഇന്ത്യൻ ടീമിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിയാത്ത സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ഇന്ത്യൻ ഫുട്ബാൾ ആരാധകർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിലെ തന്റെ ഭാവിയെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റിമാച്ച്.
അടുത്ത വർഷം നടക്കുന്ന ഏഷ്യ കപ്പിന് ശേഷം ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാകുമെന്ന് ഇപ്പോൾ സ്റ്റിമാച്ച് തന്നെ പറഞ്ഞിരിക്കുകയാണ്. താൻ തന്റെ എല്ലാ അറിവും ഇന്ത്യൻ ടീമിനായി നൽകിയെന്നും പരിശീലകനായി ഉള്ള കാലം വരെ ഇന്ത്യൻ ടീമിനെ മികച്ചതാക്കാൻ ശ്രമിക്കുമെന്നും സ്റ്റിമാച്ച് ഇതോടൊപ്പം കൂട്ടിച്ചേർത്തു.
താൻ ഏഷ്യ കപ്പിന് ശേഷം ചുമതലകളിൽ നിന്നും ഒഴിയുമെന്ന് സ്റ്റിമാച്ച് തന്നെ തുറന്ന് പറഞ്ഞതോടെ ഇന്ത്യൻ ഫുട്ബാൾ ആരാധകർ സന്തോഷത്തിലാണ്. കാരണം സ്റ്റിമാച്ചിനെ പുറത്താക്കാൻ ആരാധകർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. സ്റ്റിമാച്ച് പോകുന്നതോടെ ഒരു മികച്ച പരിശീലകനെ തന്നെ ഇന്ത്യ കണ്ടെത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. കാരണം കല്യാൺ ചൗബേ എഐഎഫ്എഫിന്റെ അധ്യക്ഷനായി വന്നതോടെ ഇന്ത്യൻ ഫുട്ബാളിൽ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സൂപ്പർ പരിശീലകർ തന്നെ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.