8 ടീമുകളായി തുടങ്ങിയ ഐഎസ്എൽ ഇന്ന് 11 ടീമുകളായി വളർന്നെങ്കിലും ഐഎസ്എല്ലിൽ അപ്രതീക്ഷിതമായ രണ്ട് ക്ലബ്ബുകൾ കൂടിയുണ്ട്. എഫ്സി പുണെ സിറ്റിയും ഡൽഹി ഡയനാമോസ് എഫ്സിയും. 2019 ലാണ് എഫ്സി പുണെ സിറ്റി ഇന്ത്യൻ ഫുട്ബാളിൽ നിന്ന് ഇല്ലാതാവുന്നത്. ക്ലബ്ബിന്റെ ട്രാൻസറുമായി ബന്ധപ്പെട്ട നിയമനടപടികളും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നൽകിയ ട്രാൻസ്ഫർ ബാനുകളും എഫ്സി പുണെ സിറ്റിയുടെ അടച്ച് പൂട്ടലിന് കാരണമായി. ഹൈദരാബാദ് എഫ്സിയെന്ന പുതിയ ടീമിനെ ഉൾപ്പെടുത്തി ഐഎസ്എൽ അധികൃതർ എഫ്സി പുണെ സിറ്റിയുടെ അഭാവം നികത്തി. പുണെ സിറ്റി അടച്ച് പൂട്ടിയപ്പോൾ ഡൽഹി ഡയനാമോസ് എന്ന ക്ലബ് റീബ്രാൻഡിങാണ് നടത്തിയത്. ഡൽഹിയിലെ കാണികളുടെ കുറവും മറ്റ് സാമ്പത്തിക ബാധ്യതയും ഡൽഹി ഡയനാമോസിനെ ഒഡീഷ എഫ്സിയാക്കി. ഇപ്പോഴിതാ ഐഎസ്എല്ലിൽ നിന്നും മറ്റൊരു ക്ലബ് കൂടി ഇല്ലാതാവാൻ പോകുന്നു എന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ആരാധകരുടെ എണ്ണത്തിൽ ശക്തരായ നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ് അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന മറ്റൊരു ഐഎസ്എൽ ക്ലബ്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം. നേരത്തെ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സാമ്പത്തിക പ്രതിസന്ധി ചർച്ചയായിരുന്നെങ്കിലും സിൽവസ്റ്റർ ഇഗ്ബൂൻ എന്ന നൈജീരിയൻ താരം ക്ലബ് വിട്ടതോടെ നോർത്ത് ഈസ്റ്റിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വെളിവായിരിക്കുകയാണ്.
നിലവാരമില്ലാത്ത താമസ സൗകര്യമുൾപെടെയുള്ള സംവിധാനങ്ങളിൽ പ്രതിഷേധിച്ചാണ് സിൽവസ്റ്റർ ഇഗ്ബൂൻ ക്ലബ് വിട്ടത്. ഐ.എസ്.എൽ 2022-23 സീസണിൽ ക്ലബ് ആറാമതായി കരാറൊപ്പിട്ട വിദേശ താരമായിരുന്നു സിൽവസ്റ്റർ. ഒരു വർഷത്തെ കരാറിലാണ് താരം നോർത്ത് ഈസ്റ്റിലെത്തിയത്. വിസ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് റഷ്യയിൽ കുടുങ്ങിയശേഷം അൽപദിവസം വൈകിയാണ് സിൽവസ്റ്റർ ഗുവാഹത്തിയിലെത്തിയത്. ഒക്ടോബർ മൂന്നാംവാരത്തിൽ ടീമിനൊപ്പം ചേർന്ന താരം ആദ്യ രണ്ടു കളികളിൽ കളത്തിലിറങ്ങിയിരുന്നില്ല. എന്നാൽ ഈസ്റ്റ് ബംഗാളിനെതിരെ സിൽവസ്റ്റർ കളിച്ചിരുന്നു. ആ മത്സരം നോർത്ത് ഈസ്റ്റ് തോറ്റെങ്കിലും സിൽവസ്റ്ററിന്റെ പന്തടക്കവും ആക്രമണ നീക്കങ്ങളുമെല്ലാം ആരാധകരുടെ ഹൃദയംകീഴടക്കിയിരുന്നു. അടുത്ത ഓഗ്‌ബച്ചേ എന്ന വിശേഷണം വരെ ആരാധകർ താരത്തിന് നൽകിയിരുന്നു.ഇതിനിടയിലാണ് താരം താമസ സൗകര്യമുൾപെടെയുള്ള സംവിധാനങ്ങളിൽ പ്രതിഷേധിച്ച് ക്ലബ് വിടുന്നത്. ക്ലബ് നൽകിയ സൗകര്യങ്ങളിൽ തുടക്കം മുതൽ സിൽവസ്റ്റർ അസ്വസ്ഥനായിരുന്നുവെന്നും ഇക്കാര്യത്തിൽ കടുത്ത അതൃപ്തി മാനേജ്മെന്റിനെ അറിയിച്ചിട്ടും നടപടിയൊന്നുമില്ലാതെ വന്നതോടെ സിൽവസ്റ്റർ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മുമ്പ് തങ്ങളുടെ കളിക്കാരെ ഗുവാഹത്തിയിലെ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ റാഡിസൺ ബ്ലൂവിലാണ് താമസിപ്പിച്ചിരുന്നത്. എന്നാൽ, ഈ വർഷം സ്റ്റേഡിയത്തിനടുത്ത ഫ്ലാറ്റുകളിലാണ് കളിക്കാർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ ക്ലബ് താരങ്ങൾക്കൊരുക്കുന്ന സൗകര്യങ്ങളിൽ മറ്റു താരങ്ങൾക്കും അതൃപ്തിയുണ്ട് എന്ന സൂചനകൾ കൂടി പുറത്ത് വരുമ്പോൾ നോർത്ത് ഈസ്റ്റ് നേരിടുന്ന സാമ്പത്തിക പ്രശ്‌നമാണ് വ്യക്തമാകുന്നത്.
ഐഎസ്എല്ലിലെ പല ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. എങ്കിലും ക്ലബ്ബുകൾ ഭാവിയിൽ സാമ്പത്തിക മാറ്റം കൈവരിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പല ഇൻവെസ്റ്റർമാരും ക്ലബ്ബുകൾക്ക് വേണ്ടി വലിയ തുക ചിലവഴിക്കുന്നുണ്ട്. എന്നാൽ നോർത്ത് ഈസ്റ്റിനെ സംബന്ധിച്ച് അവർക്ക് കൂടുതൽ ഇൻവെസ്റ്റർമാർ ഇല്ല എന്നതാണ് വലിയ തിരിച്ചടി. ബോളിവുഡ് താരം ജോൺ എബ്രഹാം മാത്രമാണ് അവരുടെ ഇൻവെസ്റ്റർ. ഇത്തരത്തിൽ ഒരൊറ്റ ഇൻവെസ്റ്റർ ഉള്ളതിനാൽ ക്ലബിന് കാര്യമായ സാമ്പത്തിക ശേഷി ഇല്ലാത്തത്. ക്ലബിന് പുതിയ ഇൻവെസ്റ്റർമാർ വന്നില്ല എങ്കിൽ അല്ലെങ്കിൽ തന്റെ ഓഹരികളിൽ ചില ഓഹരികൾ ജോൺ എബ്രഹാം വിറ്റില്ല എങ്കിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും മറ്റൊരു ക്ലബ് കൂടി അപ്രത്യക്ഷമാവുന്നത് ആരാധകർ കാണേണ്ടി വരും.