2022-ലെ ഖത്തർ ഫിഫ വേൾഡ് കപ്പിൽ കിരീടം ഉയർത്തിയ ലിയോ മെസ്സിയുടെ അർജന്റീന ടീം ഫിഫ റാങ്കിങ്ങിലും ഒന്നാമതായി മുന്നേറുകയാണ്. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ദേശീയ ടീം നിലവിൽ അർജന്റീനയുടേതാണ്.
ഫിഫ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന തങ്ങൾക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യയിലും ബംഗ്ലാദേശിലുമായി സൗഹൃദ മത്സരങ്ങൾ കളിക്കാൻ താല്പര്യം അറിയിച്ചു കൊണ്ട് ഇരു രാജ്യങ്ങൾക്കും സന്ദേശം നൽകിയിരുന്നു, എന്നാൽ സാമ്പത്തികപരമായി മത്സരം സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ അർജന്റീനയുടെ ക്ഷണം ഇന്ത്യയും ബംഗ്ലാദേശും നിരസിച്ചു.
32കോടി മുതൽ 40കോടി രൂപ വരെയാണ് ഈ സൗഹൃദ മത്സരത്തിനായി അർജന്റീന ആവശ്യപ്പെടുന്നത്, കൂടാതെ മത്സരം സംഘടിപ്പിക്കുന്നതിന്റെ ചിലവുകൾ വേറെയും. പക്ഷെ സ്പോൺസർമാരെ കിട്ടാത്തതിനാൽ പണം കണ്ടെത്താൻ കഴിയില്ല എന്ന് വന്നതോടെയാണ് ഇന്ത്യ ഈ മത്സരം സങ്കടത്തോടെ നിരസിച്ചത്.
ആയിരം കോടികൾ മുടക്കി പ്രതിമ പണിയുന്ന ഈ നാട്ടിൽ ഫുട്ബോളിന് അനുയോജ്യമായ ഒരു സമ്പ്രദായം വളർത്തിയെടുക്കാൻ അധികാരികൾ നെറ്റി ചുളിക്കുന്ന ഈ നാട്ടിൽ കോടികൾ അഴിമതി നടക്കുന്ന ഈ നാട്ടിൽ അർജന്റീനയുടെ ക്ഷണം പണത്തിന്റെ പ്രശ്നം കാരണം ഒഴിവാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഇന്ത്യ, ബംഗ്ലാദേശ് ടീമുകളെ കിട്ടാതെ വന്നതോടെ ഓസ്ട്രേലിയ, ഇന്തോനേഷ്യ ടീമുകൾക്കെതിരെയാണ് അർജന്റീന ഫുട്ബോൾ ടീം മത്സരങ്ങൾ കളിച്ചത്. രണ്ട് മത്സരത്തിലും അർജന്റീന ഫുട്ബോൾ ടീം വിജയം നേടി സൗഹൃദ മത്സരങ്ങൾ ഗംഭീരമാക്കി.