ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് മത്സരങ്ങളിലെ ശ്രേദ്ദേയമായ ഒരു പോരാട്ടമാണ് ഇന്ന് കൊച്ചിയിലെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്നത്. സൂപ്പർ താരങ്ങൾ അണിനിരക്കുന്ന രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ കളത്തിൽ തീപാറുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർച്ചയായി രണ്ട് തോൽവികൾ വഴങ്ങിയ ഹോം ടീമായ കേരള ബ്ലാസ്റ്റേഴ്സിനു സ്വന്തം ആരാധകർക്ക് മുന്നിൽ വിജയത്തിൽ കുറഞ്ഞതൊന്നും നേടാനില്ല.
ലീഗ് ടേബിളിൽ അവസാന സ്ഥാനങ്ങളിലുള്ള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പ്രകടനത്തിനെ സംബന്ധിച്ച് ആരാധകർ അൽപ്പം നിരാശയിലാണ്. ഈയൊരു മോശം പ്രകടനത്തിൽ നിന്നും സ്വന്തം ആരാധകർക്ക് വേണ്ടിയെങ്കിലും കരകയറാനുള്ള ശ്രമത്തിലാണ് ഇവാൻ വുകോമനോവിച്ചും സംഘവും.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച അർജന്റീന താരം ജോർഹെ പെരേര ഡയസ് ഉൾപ്പടെ സൂപ്പർ താരങ്ങൾ ഏറെ അണിനിരക്കുന്ന ടീമുമായാണ് മുൻ ഐഎസ്എൽ ചാമ്പ്യൻമാർ കൊച്ചിയിലെത്തുന്നത്.
ഗ്രേഗ് സ്റ്റുവാർടും അഹമ്മദ് ജാഹുവും ഉൾപ്പെടെയുള്ള വമ്പൻമാർ അണിനിരക്കുന്ന ഡെസ് ബക്കിങ്ഹാമിന്റെ ടീം ലീഗിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല എന്നതും വസ്തുതയാണ്.
അതേസമയം ഇന്ന് രാത്രി 7:30ന് കൊച്ചിയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.