.
നിലവിൽ ഇന്ത്യൻ ഫുട്ബോൾ താരങ്ങളിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന മുന്നേറ്റ നിര താരങ്ങളിലൊരാളായ മലയാളി താരം വി. പി സുഹൈർ ഈസ്റ്റ് ബംഗാൾ ക്ലബ്ബിൽ സൈൻ ചെയ്യാനൊരുങ്ങുന്നു.
മെഡിക്കൽ ചെക്കപ്പിനു വേണ്ടി കൊൽക്കത്തയിലെത്തിയ താരം മെഡിക്കൽ ചെക്കപ്പ് പൂർത്തിയാക്കിയതിനു ശേഷം ഈസ്റ്റ് ബംഗാൾ എഫ്.സിയുമായി കരാറിൽ ഒപ്പുവെക്കും.
3 വർഷത്തെ കരാറിൽ വാർഷിക ശമ്പളമായി 1.5 കോടിയിലേറെ ഇന്ത്യൻ രൂപയെന്ന മികച്ച ഓഫർ തന്നെയാണ് 30-കാരന് കൊൽക്കത്തൻ വമ്പന്മാർ നൽകിയത്.
കേരള ബ്ലാസ്റ്റേഴ്‌സ്, ATK മോഹൻ ബഗാൻ ക്ലബ്ബുകളെ മറികടന്നാണ് ഈസ്സ് ബംഗാൾ വരാൻ പോകുന്ന സീസണിൽ ആക്രമണ മൂർച്ച കൂട്ടുവാൻ വേണ്ടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽ നിന്നും ഇന്ത്യൻ ഇന്റർനാഷണൽ താരമായ വി.പി സുഹൈറിനെ റാഞ്ചുന്നത്.
മുന്നേറ്റ നിരയിലേക്ക് മികച്ച താരങ്ങളെ കൊണ്ടുവരാൻ കിണഞ്ഞു പരിശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് വി. പി സുഹൈറിനെ സ്വന്തമാക്കുന്നതിൽ അതിയായ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും, താരത്തിന്റെ മാതൃക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആവശ്യപ്പെട്ട ട്രാൻസ്ഫർ ഫീ കേരള ബ്ലാസ്റ്റേഴ്സിന് താങ്ങാൻ കഴിയുന്നതല്ലായിരുന്നു.