കലിംഗ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ഐ ലീഗ് ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി മത്സരത്തിൽ മികച്ച താരമായത് ഘാന താരമായ ക്വാമി പെപ്രയാണ്.
ലൂണയുടെ അഭാവത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പഴയതിനേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ നമ്മൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും ഈ സമയത്തു ക്വാമി പെപ്രക്കൊപ്പമുള്ള കോമ്പിനേഷനെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനതാരമായ ദിമിത്രിയോസ് ഡയമന്റാകോസ്.
“ഇത്രയും കാലം ഞങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുവാൻ അഡ്രിയാൻ ലൂണ ഉണ്ടായിരുന്നു. പക്ഷേ ലൂണയുടെ അഭാവത്തിൽ നമ്മൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. പെപ്രക്കൊപ്പം കളി കെട്ടിപ്പടുക്കുവാൻ എനിക്ക് പിന്നിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയും, പെപ്ര തിരിച്ചുപോകുമ്പോൾ ഞാൻ മുന്നോട്ട് തന്നെ കയറും.” – ദിമിത്രിയോസ് ഡയമന്റാകോസ് പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലും ലൂണയുടെ അഭാവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് മുന്നോട്ട് നയിക്കുന്നത് ദിമിത്രിയോസ് ഉൾപ്പടെയുള്ള പ്രധാന താരങ്ങളാണ്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടോപ് സ്കോറർ ലിസ്റ്റിൽ ഏഴു ഗോളുകളുമായി ഒന്നാം സ്ഥാനത്ത് മുന്നേറുന്ന ദിമിത്രിയോസിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.