ഒഡിഷ എഫ്സിക്കെതിരെ അവരുടെ മൈതാനത്ത് ആദ്യ പകുതി ലീഡ് നേടിയതിന് ശേഷമാണു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി രണ്ടാം പകുതിയിൽ വഴങ്ങിയ ഗോളുകളിൽ പരാജയപ്പെടുന്നത്. കബ്രയിലൂടെ ഗോൾ നേടി തുടങ്ങിയ ബ്ലാസ്റ്റേഴ്സിനെതിരെ ജെറി, പെഡ്രോ മാർട്ടിൻ എന്നിവരിലൂടെ മികച്ച തിരിച്ചുവരവ് പ്രകടനമാണ് ഒഡിഷ നടത്തിയത്.
മത്സരശേഷം പ്രെസ്സ് കോൺഫറൻസിൽ മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച് ഒഡിഷക്കെതിരായ തോൽവിയെ കുറിച്ച് സംസാരിച്ചു. മത്സരം തങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നുവെന്ന് പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് കോച്ച് രണ്ടാം ഗോൾ വഴങ്ങിയത് തന്നെ അസ്വസ്ഥനാക്കിയെന്നും പറഞ്ഞു.
“ഇന്നത്തെ മത്സരം മോശമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഓരോ നിമിഷവും പന്തിനായി പോരാടേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു, മത്സരത്തിന്റെ ഒരു ഭാഗത്ത് ഞങ്ങൾ വളരെ മികച്ചു നിന്നു, ഞങ്ങൾ മത്സരം നിയന്ത്രിച്ചു, എല്ലാം ഞങ്ങളുടെ നിയന്ത്രണ പരിധിയിൽ ആയിരുന്നു. ഞങ്ങൾ ഗോളും നേടി.”
“ഗോളുകൾ വഴങ്ങുമ്പോൾ സ്വാഭാവികമായും ആശങ്കകളുണ്ടാകും, എന്നാൽ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതിനു ശേഷവും എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, മത്സരം നിയന്ത്രണത്തിലാക്കാനും ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ രണ്ടാം ഗോൾ വഴങ്ങിയപ്പോൾ ഒരു പരിശീലകനെന്ന നിലയിൽ അതെനിക്ക് അസ്വസ്ഥതയുണ്ടാക്കി.” – ഇവാൻ പറഞ്ഞു.
മത്സരം വിജയിച്ചതോടെ സീസണിൽ മികച്ച തുടക്കം ലഭിച്ച ജോസപ് ഗോമ്പോ പരിശീലകനായ ഒഡിഷ എഫ്സി പോയന്റ് ടേബിളിൽ മൂന്നാമതാണ്. മത്സരത്തിൽ തോൽവിയറിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു പോയന്റുമായി ഒമ്പതാമതാണ്.