കേരളാ ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസൺ മുതൽ പുതിയ നായകനുണ്ടാവുമെന്ന് സൂചനകൾ. നിലവിൽ ടീമിന്റെ നായകൻ ജെസ്സൽ കാർനേരിയോയാണ്. താരത്തിന്റെ കരാർ ഈ സീസൺ അവസാനത്തോട് കൂടി അവസാനിക്കും.
ജെസ്സലിന് ബ്ലാസ്റ്റേഴ്‌സ് ചിലപ്പോൾ പുതിയ കരാർ നൽകുമെങ്കിലും താരത്തിന് പകരം പുതിയ നായകനെ അടുത്ത സീസൺ കളത്തിലിറക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത്. അഡ്രിയാൻ ലൂണയുടെ പേരാണ് അടുത്ത നായകനായി ആരാധകരിൽ ഭൂരിഭാഗവും നിർദേശിക്കുന്നത്.
നിലവിൽ ടീമിന്റെ ഉപനായകനാണ് ലൂണ. മത്സരഗതി തന്നെ മാറ്റാൻ സാധിക്കുന്ന ലൂണയെ നായകനാക്കാൻ ആരാധകർ നിർദേശിക്കുന്നുണ്ടെങ്കിലും ഒരു ദീർഘനാളത്തെ നായകനെയാണ് ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്.
ലൂണയ്ക്ക് ബ്ലാസ്റ്റേഴ്‌സിൽ അടുത്ത സീസൺ വരെ കരാറുണ്ട്. താരം ഇനിയും ദീർഘനാൾ ബ്ലാസ്റ്റേഴ്‌സിൽ തുടരുകയാണ് എങ്കിൽ അടുത്ത സീസൺ മുതൽ നായകസ്ഥാനം ലൂണയ്ക്ക് ഏൽപ്പിച്ചേക്കും.
അതേ സമയം മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെപി രാഹുൽ, കൂടാതെ ജീക്സൻ സിങ് എന്നിവർ ബ്ലാസ്റ്റേഴ്‌സ് നിരയിൽ സീനിയർ താരങ്ങളാണ്. ഇവരിലാരെങ്കിലും നായക സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയുമുണ്ട്.