കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി പന്ത് തട്ടിയ അൽവരോ വസ്കസ് – ജോർഹെ പെരേര ഡയസ് മുന്നേറ്റനിര കൂട്ടുകെട്ടിനു പകരമായാണ് ഇത്തവണ ഗ്രീക്ക് ജോഡികളായ ദിമിത്രിയോസ് – ജിയാനു എന്നിവരെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.
ദിമിത്രിയോസിനെയും ജിയാനുവിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തതിന് പിന്നിലുള്ള കാരണം തങ്ങളുടെ കളിശൈലിയാണെന്നും, ഈ കളിശൈലിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഗ്രഹിക്കുന്നതുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അപോസ്‌റ്റോലാസ് ജിയാനു.
“കരോലിസ് സ്കിൻകിസും പരിശീലകൻ ഇവാൻ വുകോമാനോവിച്ചും, എന്നെയും ദിമിത്രിയോസിനെയും സൈൻ ചെയ്തതിന് കാരണം ഞങ്ങളുടെ കളിശൈലിയെ കുറിച്ച് അവർക്കറിയാമെന്നതാണ്, കൂടാതെ ഈ കളിശൈലിയുള്ള താരങ്ങളെയാണ് പരിശീലകന് വേണ്ടതും.”
“കാരണം എതിരാളികൾക്ക് നേരെ ഒരുപാട് പ്രെസ്സ് ചെയ്യാൻ കഴിവുള്ള സ്ട്രൈകർമാരാണ് ഞങ്ങൾ, അത് എതിർ താരങ്ങൾക്ക് പ്രത്യേകിച്ച് ഡിഫെൻഡർമാർക്ക് കളിക്കാനുള്ള സമയം കൊടുക്കാതെ അവരെ സമ്മർദത്തിലും പ്രശ്നത്തിലുമാക്കും.” – അപോസ്‌റ്റോലാസ് ജിയാനു പറഞ്ഞു.
ആദ്യ മത്സരത്തിൽ നന്നായി പ്രെസ്സ് ചെയ്തുകൊണ്ട് ഇരുതാരങ്ങൾ കളിച്ചുവെങ്കിലും ഗോളുകൾ നേടാനാവാതെ പോയത് ഒരല്പം നിരാശ നൽകുന്നതാണ്. എങ്കിലും ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഈ താരജോഡി ശോഭിക്കുമെന്ന് പ്രതീക്ഷിക്കാം.