ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിയുടെ സെമി, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണ്. ആദ്യമായിട്ടാണ് ഇന്ത്യയിലെ ഒരു ആഭ്യന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വിദേശരാജ്യം വേദിയാകുന്നത്.
ഇന്ത്യന്‍ ആരാധകരെ, പ്രത്യേകിച്ച് മലയാളികളെ സൗദിയിലെ സ്റ്റേഡിയങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി സന്തോഷ് ട്രോഫിയെ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ക്ഷണം കിട്ടിയപാടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമ്മതം മൂളുകയും ചെയ്തു.
കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച പോലെ പോയെങ്കിലും ഇപ്പോള്‍ എഐഎഫ്എഫും സൗദി അറേബ്യയും കടുത്ത ആശങ്കയിലാണ്. കാരണം കേരളത്തിന്റെ സെമി പ്രവേശനം കൈയാലപ്പുറത്തെ തേങ്ങ പോലെയിരിക്കുകയാണ്. കേരളം ഇല്ലെങ്കില്‍ ആളനക്കമില്ലാത്ത സ്‌റ്റേഡിയത്തില്‍ ഫൈനല്‍ നടത്തേണ്ടി വരും.
നിലവിലെ അവസ്ഥയില്‍ കേരളത്തിന് സെമിയിലെത്തണമെങ്കില്‍ വലിയ കടമ്പ കടക്കേണ്ടി വരും. അവസാന രണ്ടു മല്‍സരങ്ങളും ജയിക്കേണ്ടതിനൊപ്പം എതിരാളികളായ പഞ്ചാബ്, കര്‍ണാടക, ഒഡീഷ ടീമുകളുടെ വിജയപരാജയങ്ങളും നിര്‍ണായകമാകും.
കഴിഞ്ഞ കളിയില്‍ മഹാരാഷ്ട്രയോട് സമനില വഴങ്ങിയതാണ് കാര്യങ്ങള്‍ അവതാളത്തിലാക്കിയത്. സൗദിയെ സംബന്ധിച്ച് കേരളം ഇല്ലെങ്കില്‍ സന്തോഷ് ട്രോഫി നടത്തുന്നത് നഷ്ടക്കച്ചവടമാണ്. മറ്റൊരു ടീമിനും ഇതുപോലെ ആരാധകര്‍ സൗദിയില്‍ ഇല്ലെന്നത് തന്നെ കാരണം.
കേരളത്തിന് ഇത്തവണ സെമി പ്രവേശനം സാധ്യമായില്ലെങ്കില്‍ ഈ വര്‍ഷത്തോടു കൂടി സൗദി ചിലപ്പോള്‍ കരാറില്‍ നിന്നുപോലും പിന്മാറാനും സാധ്യതയുണ്ട്. നാല് ടീമുകളുടെയും ഒഫീഷ്യല്‍സിന്റെയും സൗദിയിലേക്കുള്ള യാത്രയും ചെലവുമെല്ലാം വഹിക്കുന്നത് സൗദി ഫുട്‌ബോളാണ്.
അടുത്തിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ എത്തിച്ച് സൗദി പ്രൊ ലീഗ് വലിയ നേട്ടം കൊയ്തിരുന്നു. അല്‍ നസര്‍ ക്ലബിനായി റോണോ കളിക്കാന്‍ തുടങ്ങിയത് മുതല്‍ സ്‌റ്റേഡിയങ്ങളില്‍ വലിയ തോതില്‍ ആരാധകരെത്തി തുടങ്ങിയിട്ടുണ്ട്. സൗദി ലീഗിന്റെ ലൈവ് സംപ്രേക്ഷണം യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും വിറ്റുപോയി.