ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നിലവിൽ കളിക്കുന്നത് സൗദി പ്രൊ ലീഗ് ക്ലബായ അൽ ഹിലാലിലാണ്. രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ കഴിഞ്ഞ സീസണിൽ അൽ ഹിലാലിൽ ഒപ്പ് വെച്ചത്. എന്നാൽ കഴിഞ്ഞ സീസണിൽ ഹിലാലിൽ ആകെ 3 മത്സരങ്ങൾ മാത്രമേ നെയ്മർ കളിച്ചിട്ടുള്ളു. പിന്നീട് പരിക്ക് പറ്റിയ താരം ഇനി അടുത്ത സീസണിലേ തിരിച്ചെത്തൂ..
അടുത്ത സീസണിൽ ഹിലാലിനായി കളിക്കുമെന്ന് നെയ്മർ കിങ്‌സ് കപ്പ് ഫൈനലിൽ വ്യക്തമാക്കിയതുമാണ്. എന്നാൽ നെയ്മർ സൗദി വിട്ട് യൂറോപ്പിലേക്ക് തിരിച്ചെത്തണമെന്ന ആഗ്രഹം അദ്ദേഹത്തിൻറെ ആരാധകർക്കുണ്ട്. ഇപ്പോഴിതാ യൂറോപ്പിലേക്ക് മടങ്ങി പോകാനുള്ള ഒരു വാതിൽ നെയ്മർക്ക് മുന്നിൽ തുറന്നിട്ടിരിക്കുകയാണ്.
2023 ൽ പിഎസ്ജി വിട്ട സമയത്ത് നെയ്മർക്ക് പഴയ ക്ലബായ ബാഴ്‌സയിലേക്ക് പോകാനായിരുന്നു ആഗ്രഹം. എന്നാൽ ഈ ആഗ്രഹത്തിന് തടസ്സം നിന്നത് അന്നത്തെ ബാഴ്‌സ പരിശീലകനായ സാവിയാണ്. സാവിയാണ് നെയ്മറുടെ ആഗ്രഹത്തിന് ചുവന്ന കൊടി കാണിച്ചത്.
എന്നാലിപ്പോൾ ബാഴ്‌സയിലെ കാര്യങ്ങൾ മാറിയിരിക്കുകയാണ്. സാവിക്ക് പകരം ഹാൻസി ഫ്ലിക്ക് ബാഴ്‌സയുടെ പുതിയ പരിശീലകനായിരിക്കുകയാണ്.അതായത് നെയ്മർക്ക് ബാഴ്‌സയിലേക്ക് തിരിച്ച് വരവ് നടത്താൻ തടസ്സമായിരുന്ന ഘടകം നിലവിൽ ബാഴ്‌സയിൽ ഇല്ലെന്നർത്ഥം.
അതിനാൽ നെയ്മർക്ക് ബാഴ്‌സയിലേക്ക് മടങ്ങിയെത്താൻ ചെറിയ സാധ്യതയുണ്ടെന്നാണ് ടിഎൻടി സ്പോർട്സിന്റെ ജേർണലിസ്റ്റ് മാഴ്സെല്ലൊ ബെച്ചർ വ്യക്തമാക്കുന്നത്. അടുത്ത ലോകകപ്പ് കളിക്കണമെങ്കിൽ നെയ്മർക്ക് യൂറോപ്പിൽ തുടരേണ്ടത് അത്യാവശ്യമാണ്. അങ്ങനെയങ്കിൽ ഹിലാലുമായുള്ള കരാർ പൂർത്തിയാക്കിയോ അല്ലാതെയോ നെയ്മർക്ക് വീണ്ടും ബാഴ്സയിൽ തിരിച്ചെത്താനായുള്ള ശ്രമം ഒന്ന് കൂടി നടത്താം.