2020-21 സീസണിലാണ് ഐഎസ്എല്ലിൽ ഏഷ്യൻ സൈനിങ് നിയമം കൊണ്ട് വന്നത്. അതായത് ഒരു ക്ലബ് അവരുടെ സീസണിലേക്ക് രജിസ്റ്റർ ചെയ്യുന്ന വിദേശ താരങ്ങളിൽ ഒരാൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള താരമായിരിക്കണം. (എഎഫ്സിയുടെ പരിധിയിൽ പെടുന്നതിനാൽ ഓസ്‌ട്രേലിയൻ താരങ്ങളെയും ഏഷ്യൻ സൈനിങായി കണക്കാക്കും) എന്നാൽ അടുത്ത സീസൺ മുതൽ ഈ നിയമം ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത സീസൺ മുതൽ ഏഷ്യൻ സൈനിങ് ഉണ്ടാവില്ല. ടീമുകൾക്ക് ഏഷ്യയിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്താം. എന്നാൽ അതിന് ഏഷ്യൻ സൈനിങ് എന്ന സംവരണം ആവശ്യമില്ല. കൂടാതെ താരങ്ങളുടെ സാലറി ക്യാപും അടുത്ത സീസൺ മുതൽ വർധിപ്പിക്കും.
നിലവിൽ ഒരു ക്ലബിന് 16.5 കോടിയാണ് സാലറി ക്യാപ്. എന്നാൽ അടുത്ത സീസൺ മുതൽ അത് 18 കോടിയായി ഉയർത്തുമെന്നാണ് മാർക്കസ് വ്യക്തമാക്കുന്നത്. കൂടാതെ ഈ സാലറി ക്യാപിന് പുറമെ രണ്ട് താരങ്ങളെ ടീമുകൾക്ക് സ്വന്തമാക്കാം. അതായത് രണ്ട് താരങ്ങൾക്ക് സാമ്പത്തിക നിയന്ത്രണമില്ലെന്നർത്ഥം.
ഐഎസ്എല്ലിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ തീരുമാനമാണിത്. കാരണം സാലറി ക്യാപ് ഉയർത്തുന്നതും സാമ്പത്തിക നിയന്ത്രണങ്ങളില്ലാതെ രണ്ട് താരങ്ങളെ സ്വന്തമാക്കാൻ കഴിയുന്നതും നിലവാരമുള്ള വിദേശ താരങ്ങളെ ഇന്ത്യയിലെത്തിക്കാൻ കാരണമാകും.
എന്നാൽ സാമ്പത്തിക നിയന്ത്രണത്തിലെ ഈ ഇളവ് ബഗാൻ, മുംബൈ പോലുള്ള വമ്പൻ ടീമുകൾക്ക് ഗുണം ചെയ്യും. എന്നാൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ടീമുകളെ ഈ നിയമം ബാധിക്കാൻ സാധ്യതയുണ്ട്.