കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് എഐഎഫ്എഫ് ജനറൽ സെക്രട്ടറ ഷാജി പ്രഭാകർ മെസ്സിയും അർജന്റീനയും ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാൻ തയാറായിരുന്നുവെന്നും എന്നാൽ എഐഎഫ്എഫിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് തടസ്സമായത് എന്ന വെളിപ്പെടുത്തൽ നടത്തിയത്.
അർജന്റീന ഇന്ത്യയിൽ കളിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നുവെന്നും എന്നാൽ എഐഎഫ്എഫിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഇത് മുടങ്ങിയെന്നുമാണ് ഷാജി പ്രഭാകർ പറഞ്ഞത്. ഏകദേശം 40 കോടി രൂപ ഇതിന് ആവശ്യമായിരുന്നുവെന്നും എന്നാൽ ആ തുക എഐഎഫ്എഫിനില്ല എന്നുമാണ് ഷാജി പ്രഭാകർ പറഞ്ഞത്.
എന്നാൽ ഷാജി പ്രഭാകറിന്റെ ഈ വെളിപ്പെടുത്തലിനെതിരെ സംശയം ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ. ഇന്ത്യയിൽ ക്രിക്കറ്റ് ബോർഡായ ബിസിസിഐ അപേക്ഷിച്ച് എഐഎഫ്എഫിന്റെ കൈയ്യിൽ പണമില്ലായിരുന്നു എന്നത് വാസ്തവമാണ്. പക്ഷെ മെസ്സി ഇന്ത്യയിലേക്ക് വരുമായിരുന്നുവെങ്കിൽ കോടികളുടെ സ്പോൺസർഷിപ്പുകൾ എഐഎഫ്എഫിന് ലഭിക്കുമായിരുന്നില്ലേ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.
മെസ്സി ലോകമാകെ അറിയപ്പെടുന്ന ഒരു താരമാണ്. അതിനാൽ മെസ്സി ഇന്ത്യയിലേക്ക് വരുമ്പോൾ കോടികളുടെ സ്പോൺസർഷിപ്പ് എഐഎഫ്എഫിന് ലഭിച്ചേനെ.. കൂടാതെ വില എത്ര ഉയർന്നാലും മെസ്സി കളിക്കാനെത്തിയാൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റ് പോകുമെന്നും ഉറപ്പാണ്.
കൂടാതെ ടിക്കറ്റ് ലഭിക്കാത്തവർ പോലും മെസ്സി വന്നാൽ സ്റ്റേഡിയത്തിന്റെ പരിസരത്തേക്കെത്തും ഇതും പണമുണ്ടാക്കാനുള്ള മാർഗമാണ്. ഈയിടെ അർജന്റീന കളിച്ച ചൈനയിലും ഇൻഡോനീഷ്യയിലും കോടികളുടെ ലാഭമാണ് ആ രാജ്യത്തെ ഫുട്ബോൾ അസോസിയേഷനും ടൂറിസം വകുപ്പും ഉണ്ടാക്കിയത്. ഇതിൽ മെസ്സി കളിക്കാതിരുന്ന ഇൻഡോനെഷ്യ പോലും വലിയ ലാഭമുണ്ടാക്കി എന്നതും കൂട്ടിവായിക്കേണ്ടതുണ്ട്.
മെസ്സിയേയും അർജന്റീനയേയും എഐഎഫ്എഫ് ക്ഷണിച്ചിരുന്നുവെങ്കിൽ ഉറപ്പായും കോടികളുടെ ലാഭം എഐഎഫ്എഫിന് ഉണ്ടാക്കാമായിരുന്നു. അത് എഐഎഫ്എഫിനും നല്ല പോലെ അറിയാം. എന്നാൽ മെസ്സി ഇന്ത്യയിൽ എത്താതിന് പിന്നിൽ ഈ സാമ്പത്തിക പ്രശ്നം അല്ലെന്നും മറ്റ് ചരട് വലികൾ നടന്നിട്ടുണ്ടാവാവെന്നുമാണ് ഒരു വിഭാഗം ഫുട്ബോൾ ആരാധകർ ആരോപിക്കുന്നത്.