ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ബന്ധപെട്ട പ്രധാനപ്പെട്ട ചില റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്ക് വെയ്ക്കുന്നത്. 2017 ൽ നെയ്മർ സ്വന്തമാക്കാൻ മുടക്കിയ ട്രാൻസ്ഫർ തുകയുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത റിപ്പോർട്ടുകൾ.
2017 ൽ 222 മില്യൻ മുടക്കിയാണ് സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്നും നെയ്മറെ പിഎസ്ജി റാഞ്ചുന്നത്. എന്നാൽ ഈ ട്രാൻസ്ഫറിൽ പിഎസ്ജി ടാക്സ് വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
എന്നാൽ ഈ വിഷയത്തിൽ ഫ്രഞ്ച് ധനകാര്യ വകുപ്പ് ഒരു അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്രാൻസിലെ അഴിമതിയും നികുതി വെട്ടിപ്പും തടയുന്ന പ്രത്യേക സ്‌ക്വാഡാണ് ടാക്സ് വിഷയത്തിൽ പിഎസ്ജിയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച്ച ക്ലബ് ആസ്ഥാനത്ത് ധനകാര്യ വകുപ്പിന്റെ സ്‌ക്വാഡ് റെയ്ഡ് നടത്തിയതായി വിവിധ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ പിഎസ്ജി കൃത്രിമം കാണിച്ചതായി തെളിഞ്ഞാൽ ക്ലബിന് സസ്‌പെൻഷൻ അടക്കം ലഭിക്കാനുള്ള സാധ്യതകളടക്കം ഉയർന്ന് വരുന്നുണ്ട്.
നികുതി വെട്ടിപ്പിനും അഴിമതിയ്ക്കുമെതിരെ രണ്ട് ബില്ലുകൾ പാസ്സാക്കിയ ഭരണകൂടം കൂടിയാണ് ഫ്രാൻസ്. നേരത്തെ ഫ്രാൻസിലെ ഉയർന്ന നേതാക്കൾക്കെതിരെ അഴിമതി ആരോപണം നിലനിന്നിരുന്നു. ഇത് മറച്ച് വെയ്ക്കാനാണ് ഇപ്പോൾ പിഎസ്ജിയ്ക്കെതിരെ സർക്കാർ തിരിഞ്ഞിരിക്കുന്നത് എന്ന ആരോപണവും സജീവമായിട്ടുണ്ട്.