ഖത്തർ ലോകകപ്പിനായി കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയത്തിന് വിട. 974 കണ്ടെയ്‌നറുകൾ ഉപയോഗിച്ച് നിർമിച്ച സ്റ്റേഡിയത്തിന് ഇതേ പേര് തന്നെയാണ് നൽകിയിരുന്നത്. ഈ വേദിയിലെ മത്സരങ്ങൾ പൂർത്തിയായതോടെ സ്റ്റേഡിയം ഉടൻ പൊളിച്ചു നീക്കും. പ്രീ ക്വാർട്ടറിലെ ബ്രസീൽ – ദക്ഷിണ കൊറിയ മത്സരമാണ് ഇവിടെ അവസാനം നടന്നത്.
ഖത്തർ ലോകകപ്പിന് സമ്മാനിച്ച നിർമ്മാണ വിസ്മയങ്ങളിൽ ഒന്നായിരുന്നു 974 സ്റ്റേഡിയം. 974 കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച ഈ സ്റ്റേഡിയം ഇനി അവിസ്മരണീയ ഓർമ്മയാണ്. ലോകകപ്പ് ചരിത്രത്തിൽ വച്ച് ഏറ്റവും വേറിട്ടതും പുതുമയാർന്നതുമായിരുന്നു 974 സ്റ്റേഡിയം. ഷിപ്പിംഗ് കണ്ടെയ്നറുകൾ കൊണ്ടാണ് സ്റ്റേഡിയം നിർമ്മിച്ചത്. പുനരുൽപ്പാദിപ്പിച്ച സ്റ്റീൽ കൊണ്ട് സ്ട്രക്ചർ തയ്യാറാക്കി. കളി കാണാനെത്തിയ ആരാധകർക്ക് ആവേശത്തിന്റെ പുതുതാളമാണ് സ്റ്റേഡിയം സമ്മാനിച്ചത്.
അർജന്റീനയുടെയും ബ്രസീലിന്റെയും അടക്കം ഏഴ് മത്സരങ്ങളാണ് ഈ സ്റ്റേഡിയത്തിൽ നടന്നത്. ദോഹയിലെ ബീച്ചിനടുത്താണ് ഈ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്പെയിനിലെ സെൻവിഗ് എരിബാൻ ഗ്രൂപ്പാണ് നിർമ്മാണം ഏറ്റെടുത്തത്. ആരാധകരെ ആനന്ദത്തേരിലേറ്റി 974 സ്റ്റേഡിയം വിട പറയുകയാണ്. ഡിസംബർ പതിനാറിന് ശേഷം ഈ സ്റ്റേഡിയം ഉണ്ടാവില്ല.
ഖത്തർ ലോകകപ്പിന്റെ ചിരിത്രത്തിൽ ഇടം പിടിച്ച സ്റ്റേഡിയമാണ് 974.ഷിപ്പിംഗ് കണ്ടെയ്‌നർ ഉപയോഗിച്ച് ഒരു സ്റ്റേഡിയം എന്നത് അത്ഭുതം തന്നെയാണ്.ഖത്തറിന്റെ ഡെയ്‌ലിങ് കോഡും 974ആണ് അതും സ്റ്റേഡിയത്തിന്റെ പേരിനെ വിശേഷിപ്പിക്കുന്നു.
പൂർണ്ണമായും പരിസ്ഥിതിക്ക് അനിയോജ്യമായ രീധിയിലാണ് സ്റ്റേഡിയം ലോകകപ്പിനായി നിർമ്മിച്ചത്.ലോകകപ്പിന് മുമ്പ് പ്രഥമ ഫിഫ അറബ് കപ്പിനും ഈ സ്റ്റേഡിയം വേദിയായിരുന്നു.40000 പേർക്ക് ഇവിടെ ഇരുന്ന് കളി കാണാം.ഖത്തറിന് ലോകകപ്പ് അനുവദിച്ചത് മുതൽ കേൾക്കാൻ തുടങ്ങിയതായിരുന്നു ഈ സ്റ്റേഡിയത്തെ കുറിച്ച്. സ്റ്റേഡിയത്തിന്റെ നിർമ്മാണ സമയത്ത് തന്നെ പറഞ്ഞിരുന്നു ലോകകപ്പ് കഴിഞ്ഞാൽ സ്റ്റേഡിയം പൊളിച്ചുകളയുമെന്ന്.