കഴിഞ്ഞ സീസണിൽ പ്രതിരോധ നിരയിലേക്ക് ഒരു പിടി പുതുമുഖങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. നിശൂ കുമാർ, ഖബ്ര, ജെസ്സൽ എന്നിവരെ റിലീസ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് പകരമായി എത്തിച്ചത് ഐബാൻ ഡോഹ്ലിങ്, നവോച്ച സിങ്, പ്രബീർ ദാസ് എന്നിവരെയാണ്. എന്നാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടാർഗെറ്റിൽ ഉണ്ടായിരുന്ന ഒരു താരമുണ്ടായിരുന്നു. ആ താരമിപ്പോൾ ഗോവയിലേക്ക് ചേക്കേറിയിക്കുകയാണ്.
കഴിഞ്ഞ രണ്ട് സീസണുകളിൽ ചെന്നൈയിൻ എഫ്സിക്കായി ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ച ആകാശ് സാങ്‌വാനായിരുന്നു കഴിഞ്ഞ സീസൺ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുണ്ടായിരുന്ന താരം. അന്ന് ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് 3 താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടത്.
സുഭാശിഷ് ബോസ്, ആകാശ് സാങ്വാൻ, ഐബാൻ ഡോഹ്ലിംഗ് എന്നിവരെയാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ പരിഗണിച്ചിരുന്നതെന്ന് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർ ഗുല്ലോ റിപ്പോർട്ട് ചെയ്തതാണ്.
എന്നാൽ ഇതിൽ ഐബാനെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞത്. ബാക്കി രണ്ട് നീക്കങ്ങളും പരാജയപ്പെടുകയിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച ആകാശ് ഇപ്പോൾ എഫ്സി ഗോവയിലേക്ക് ചേക്കേറിയിരിക്കുകയാണ്. താരത്തിന്റെ സൈനിങ് ഗോവ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം, 28 കാരനായ താരം കഴിഞ്ഞ സീസണിൽ 22 മത്സരങ്ങളിൽ നിന്നും 2 ഗോളും രണ്ട് അസിസ്റ്റും തന്റെ പേരിലാക്കിയിരുന്നു.