ഫുട്ബോൾ ആരാധകരുടെ ഒരു വലിയ ആഗ്രഹമാണ് ഖത്തർ ലോകകപ്പിൽ ബ്രസീൽ -അർജന്റീന തമ്മിലുള്ള പോരാട്ടം നടക്കുക എന്നുള്ളത്. അതൊരു ഫൈനൽ മത്സരം ആവുക എന്നത് അവരെ സംബന്ധിച്ച് ഇരട്ടി ആവേശമുള്ളതാണ്. ഗ്രൂപ്പ് ഘട്ടങ്ങളിലും പിന്നീടുള്ള നോക്ക് ഔട്ട് ഘട്ടങ്ങളിലുമൊക്കെ കാര്യങ്ങൾ എങ്ങനെയാകുന്നു എന്നതിനനുസരിച്ചായിരിക്കും ഖത്തറിലെ ബ്രസീൽ – അർജന്റീന മത്സരത്തിന്റെ സാധ്യത.
ഖത്തറിൽ ബ്രസീൽ- അർജന്റീന പോരാട്ടം വരുമോ എന്നറിയില്ലെങ്കിലും ബ്രസീൽ സൂപ്പർ താരമായ നെയ്മറുടെ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ വൈറൽ. പിഎസ്ജിയിൽ കളിക്കുമ്പോൾ ലോകകപ്പിനെ കുറിച്ച് ഞാനും മെസ്സിയും അധികം സംസാരിക്കാറില്ലെങ്കിലും ഫൈനലിൽ മെസ്സിയെ പരാജയപ്പെടുത്തി ഞാൻ ചാമ്പ്യനാകുമെന്ന് പറഞ്ഞു ഞങ്ങൾ പരസ്പരം ചിരിക്കാറുണ്ടെന്നാണ് നെയ്മർ പറയുന്നത്.
പരിശീലന സെക്ഷനിൽ മെസ്സിയോട് തമാശ രൂപേണ ഖത്തർ ലോകകപ്പിൽ അർജന്റീനയെ തോൽപ്പിച്ച് ഞങ്ങൾ ചാമ്പ്യൻമാർ ആവുമെന്ന് ഇടയ്ക്കിടെ പറയുമായിരുന്നുവെന്നും അപ്പോൾ മെസ്സിയും താനും ചിരിക്കുമായിരുന്നുവെന്നും നെയ്മർ അഭിമുഖത്തിൽ പറഞ്ഞു.
മെസ്സിക്കും എംബാപ്പെയ്ക്കുമൊപ്പം കളിക്കുക എന്നത് സന്തോഷകരമായ കാര്യമാണെന്നും ഇരുവരും മഹാന്മാരായ കളിക്കാരാണെന്നും ഏറെ കാലമായി മെസ്സി തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും നെയ്മർ പറയുന്നുണ്ട്.
ഫിഫ ലോകകപ്പ് നേടുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും നെയ്മർ കൂട്ടി ചേർത്തു. ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളാണ് മെസ്സിയുടെ അർജന്റീനയും നെയ്മറുടെ ബ്രസീലും