ഐഎസ്എല്ലിലെ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രണ്ടാം ഘട്ടം കേരളാ ബ്ലാസ്റ്റേഴ്സിന് അത്ര സുഖകരമായിരുന്നില്ല. ആദ്യ പാദത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തിൽ തുടർ തോൽവികൾ ഏറ്റുവാങ്ങി അഞ്ചാം സ്ഥാനത്തേക്ക് കൂപ്പ്കുത്തിയിരിക്കുകയാണ്. ഗോവയ്‌ക്കെതിരെ മാസ്മരിക തിരിച്ച് വരവ് നടത്തി നേടിയ വിജയം അല്ലാതെ രണ്ടാം ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് നേട്ടമായി പറയാൻ ഒന്നുമില്ല.
തുടർ തോൽവികൾ കാരണം ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും തുലാസിലായിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ വിജയം ഉറപ്പാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനം സുഖകരമാവുകയുള്ളു. എന്നാൽ മുന്നോട്ടുള്ള യാത്രയ്ക്കിടെ ബ്ലാസ്റ്റേഴ്സിന് ഒരു ഹാപ്പി ന്യൂസ് വന്നെത്തിയിരിക്കുകയാണ്.
മറ്റന്നാൾ മോഹൻ ബഗാനെ നേരിട്ട് കഴിഞ്ഞാൽ പിന്നീട് ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടേണ്ടത് മാർച്ച് 30 ന് ജംഷദ്പൂർ എഫ്സിയോടാണ്. ഈ മത്സരത്തിന് മുന്നോടിയായി തന്നെ ബ്ലാസ്റ്റേഴ്സിന് ഒരു അഡ്വാന്റേജ് ലഭിച്ചിരിക്കുകയാണ്. ജംഷദ്പൂർ നിരയിലെ രണ്ട് താരങ്ങളുടെ സസ്പെൻഷനാണ് ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമായി തീർന്നിരിക്കുന്നത്.
നൈജീരിയൻ സൂപ്പർ സ്‌ട്രൈക്കർ ഡാനിയേൽ ചീമ ചുകൗ, റൈറ്റ് വിംഗർ പ്രൊവത് ലക്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ സസ്‌പെൻഷൻ കാരണം പുറത്തിറക്കേണ്ടി വരുന്നത്. മുംബൈ സിറ്റി എഫ് സിക്ക് എതിരായ മത്സരത്തിനിടെ ചീമ ചുകൗ രണ്ട് മഞ്ഞക്കാർഡിലൂടെ ചുവപ്പ് കാർഡ് കണ്ടു. അതോടെയാണ് ഒരു മത്സര വിലക്ക് നേരിടേണ്ടി വന്നത്. ആ വിലക്ക് ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിലാണ്.
മുംബൈയ്ക്കെതിരായ ഇതേ മത്സരത്തിൽ ലക്ര ഒരു മഞ്ഞക്കാർഡും വാങ്ങി. 2023 – 2024 സീസണിൽ ലക്രയുടെ നാലാം മഞ്ഞക്കാർഡാണിത്. നാല് മഞ്ഞക്കാർഡ് കണ്ടു കഴിഞ്ഞാൽ ഒരു മത്സരത്തിൽ പുറത്ത് ഇരിക്കേണ്ടിവരും. അതോടെയാണ് ജംഷഡ്പുരിന്റെ അടുത്ത മത്സരത്തിൽ ചീമയും ലക്രയും ഇറങ്ങില്ലെന്ന് ഉറപ്പായത്. ഇതോടെ പ്ലേ ഓഫ് സ്വപ്‍ന കാണുന്ന ബ്ലാസ്റ്റേഴ്സിന് ഇതൊരു സന്തോഷ വാർത്തയായി മാറിയിരിക്കുകയാണ്.