കന്നഡ സിനിമയുടെ അതിരുകൾ ഭേദിച്ച് ഇന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച കെ.ജി.എഫ്. പരമ്പരയുടെ അടുത്ത ഭാഗത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. റോക്കി ഭായിയുടെ കഥയുടെ തുടർച്ച എന്നതിലുപരി, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം നേടിയ ഈ ഫ്രാഞ്ചൈസിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.
കെ.ജി.എഫ്. ചാപ്റ്റർ 2 അവസാനിച്ചത് റോക്കി ഭായിയുടെ ദുരൂഹമായ തിരോധാനത്തോടെയാണ്, ഇത് മൂന്നാം ഭാഗത്തിന് വലിയ സാധ്യതകൾ തുറന്നിട്ടു. സിനിമയുടെ അവസാന ക്രെഡിറ്റുകളിൽ കെ.ജി.എഫ്. 3-നെക്കുറിച്ചുള്ള സൂചനകളും നൽകിയിരുന്നു. ഇത് ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചു.
നിലവിൽ, സംവിധായകൻ പ്രശാന്ത് നീലും നായകൻ യാഷും വെവ്വേറെ പ്രോജക്ടുകളിലാണ്. ഈ പ്രോജക്ടിന് ശേഷമേ ഇരുവരും കെ.ജി.എഫ്. 3-ലേക്ക് കടക്കൂ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചിത്രത്തിൻറെ സ്ക്രിപ്റ്റ് പൂർത്തിയയാതായി പ്രശാന്ത് നീൽ പറഞ്ഞിരുന്നു. കെ.ജി.എഫ്. 3-യുടെ നിർമ്മാണം 2025-ൽ ആരംഭിക്കുമെന്നും 2026-ഓടെ ചിത്രം റിലീസ് ചെയ്യുമെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക തിയതി പ്രഖ്യാപിച്ചിട്ടില്ല.
പ്രശാന്ത് നീലിൻ്റെ വിഷനും യാഷിൻ്റെ പ്രകടനവും വീണ്ടും വെള്ളിത്തിരയിൽ കാണാൻ ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സാരം. കെ.ജി.എഫ്. 3-യുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി സിനിമാ ലോകം കാതോർക്കുന്നു.
