ഐഎസ്എൽ പത്താം സീസണിൽ അണ്ടർ 21 താരങ്ങൾക്ക് ഏറ്റവും കൂടുതൽ സമയം കളിക്കാനുള്ള അവസരം നൽകിയ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പൊതുവെ ഒരു പിടി മികച്ച യുവതാരങ്ങളെ വളർത്തിയെടുക്കുന്ന ക്ലബ് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവാൻ സാധ്യതയില്ല. സഹൽ, രാഹുൽ, വിബിൻ മോഹൻ, അസ്ഹർ, ഐമൻ തുടങ്ങിയ താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ പ്രൊഡക്ടുകളാണ്. എന്നാൽ യുവതാരങ്ങളെ വളർത്തിയെടുക്കുമ്പോൾ തന്നെ പല യുവതാരങ്ങളും ബ്ലാസ്റ്റേഴ്സിൽ അവസരം കിട്ടാതെ കഷ്ടപ്പെടാറുമുണ്ട്.
ബിദ്ധ്യാസാഗർ, ഇഷാൻ പണ്ഡിത, ജിതിൻ, മഹേഷ് തുടങ്ങിയ പ്രതിഭകൾ ബ്ലാസ്റ്റേഴ്സിൽ അവസരം ലഭിക്കാതെ പ്രതിഭ മങ്ങിയപോയ താരങ്ങളാണ്. അത്തരത്തിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ച വെയ്ക്കുകയും, എന്തിനേറെ സഹലിനേക്കാൾ മികച്ച താരമെന്ന വിശേഷണം ലഭിക്കുകയും എന്നാൽ ഈ സീസണിൽ അവസരത്തിന് വേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു യുവതാരത്തെയാണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്.
2022 ൽ ഐ ലീഗ് ക്ലബ് ചർച്ചിൽ ബ്രദേഴ്സിൽ നിന്നും ബ്ലാസ്റ്റേർസ് സ്വന്തമാക്കിയ താരമാണ് ബ്രൈസ് മിറാൻഡ. കഴിഞ്ഞ സീസണിൽ ഒഡീഷയ്ക്കെതിരെയും നോർത്ത് ഈസ്റ്റിനെതിരെയും ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയപ്പോൾ ആ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഈ 24 കാരൻ. കഴിഞ്ഞ സീസണിൽ സഹൽ അബ്ദുൽ സമദ് ഫോമില്ലാതെ വലഞ്ഞപ്പോൾ ആ കുറവ് നികത്തുകയും ചെയ്തിട്ടുണ്ട് ബ്രൈസ്.
എന്തിനേറെ, സഹലിന്റെ പകരക്കാരൻ എന്ന് അന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച താരം കൂടിയാണ് ബ്രൈസ്, എന്നാൽ സഹലിനോളം താൻ എത്തില്ലെന്നും മാധ്യമ പ്രവർത്തകർക്ക് ബ്രൈസ് മറുപടി നൽകിയത് നമ്മൾ മറന്ന് കാണില്ല. ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരം ഇപ്പോൾ അവസരത്തിനായി ബെഞ്ചിൽ കാത്തിരിക്കുകയാണ്.
ദേശീയ ടീമിൽ അരങ്ങേറ്റം നടത്തിയ താരത്തിന് ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്റ്റാർട്ട് ചെയ്യാൻ സാധിച്ചിട്ടില്ല. നല്ലൊരു പ്ലെയിങ് ടൈം പോലും താരത്തിന് ബ്ലാസ്റ്റേഴ്സിൽ ലഭിച്ചില്ല.നിലവിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സിയിലേക്ക് ലോണിൽ അയച്ചിരിക്കുകയാണ്. അവിടെയും താരം അരങ്ങേറ്റം നടത്തിയിട്ടില്ല.
കൂടുതകൾ കായിക വാർത്തകൾക്കായി ക്ലിക്ക് ചെയ്യുക