ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചു ക്ലബ്ബ് വിട്ടപ്പോൾ അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്നായിരുന്നു ഭൂരിഭാഗം ഫുട്ബോൾ പ്രേമികളും വിശ്വസിച്ചിരുന്നത്.
സിറ്റിയിലേക്ക് പോകുവാനുള്ള മെസ്സിയുടെ താല്പര്യം അദ്ദേഹം പലതവണ പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ലയണൽ മെസ്സി എന്ന താരത്തിനെ ഇന്ന് കാണുന്ന ഇതിഹാസമാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച പെപ് ഗാർഡിയോള എന്ന പരിശീലകന്റെ സാന്നിധ്യമായിരുന്നു ലയണൽ മെസ്സിയെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ആകർഷിച്ചത്. ഫ്രീ ഏജൻറ് ആയി ലയണൽ മെസ്സിയെ സ്വന്തമാക്കുവാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുപോലും മെസ്സിയെ വേണ്ടെന്ന നിലപാടിലായിരുന്നു സിറ്റി.
ജാക്ക് ഗ്രീലിഷ് എന്ന താരത്തിനെ തങ്ങളുടെ ടീമിലെത്തിച്ചതിനാൽ ഇനി മെസ്സിയുടെ ആഗമനത്തെപ്പറ്റി തങ്ങൾ ആലോചിക്കുന്നില്ല എന്നായിരുന്നു പെപ് ഗാർഡിയോള അതിനെക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മെസ്സിയെ നിരസിച്ച മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ എത്തിയേക്കും.
തനിക്ക് യുവന്റസ് വിട്ടുപോകുവാൻ താൽപര്യമുണ്ടെന്നും താൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത് എന്നും യുവന്റസ് അധികൃതരോട് ക്രിസ്ത്യാനോ റൊണാൾഡോ വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയും ഇപ്പോൾ താരത്തിലേക്ക് അടുക്കുകയാണ്. ക്രിസ്റ്റ്യാനോയ്ക്ക് യുവൻന്റസ് വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകണം, വിടാതെ മുറുകെ പിടിച്ചു യുവന്റസ്…
ടോട്ടനത്തിൽ നിന്നും ഇംഗ്ലീഷ് നായകൻ ഹാരി കെയിനെ തങ്ങളുടെ ടീമിൽ എത്തിക്കുവാനുള്ള സിറ്റിയുടെ അവസാന നീക്കങ്ങൾ വിജയം കണ്ടില്ല എങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോയിലേക്ക് ആയിരിക്കും അവർ തിരിയുന്നത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ആ കാര്യത്തിൽ ഒരു തീരുമാനം ആകും.
തനിക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരാളികൾ ആയതിനാൽ എന്തുവന്നാലും താൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകില്ല എന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ മുൻ പ്രസ്താവനകൾ ഇപ്പോൾ വീണ്ടും വിവാദം ആയി വരികയാണ് ഈ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ.