മുംബൈ സിറ്റി എഫ്സി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബദ്ധവൈരികളിൽ പെടുന്ന ടീമുകളിൽ ഒന്നാണെങ്കിലും അവരുടെ പരിശീലകനെ പറ്റി പ്രതിപാധിക്കാതെ കടന്ന് പോകാനാവില്ല. ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കെൽപ്പുള്ള പരിശീലകനാണ് നിലവിലെ മുംബൈ സിറ്റി എഫ്സി പരിശീലകൻ പീറ്റർ ക്രാറ്റ്ക്കി.
ഇംഗ്ലീഷ് പരിശീലകൻ ഡെസ് ബെക്കിങ്ഹാം സ്ഥാനമൊഴിഞ്ഞതോടെയാണ് മുംബൈ ഈ ചെക്ക്- ഓസ്ട്രേലിയൻ പരിശീലകനെ തങ്ങളുടെ കൂടാരത്തിലെത്തിക്കുന്നത്.
സിറ്റി ഗ്രൂപ്പിന്റെ കീഴിലുള്ള മെൽബൺ സിറ്റി എഫ്സിയുടെ യൂത്ത് ടീമിന്റെ മുഖ്യ പരിശീലകനും സീനിയർ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനുമായിരുന്ന ക്രിറ്റ്ക്കിയുടെ ഒരു സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായുള്ള ആദ്യ അങ്കം കൂടിയാണ് മുംബൈ.
യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പരിശീലകനാണ് ക്രിറ്റ്കി. ക്രിറ്റ്ക്കിയുടെ കീഴിൽ മുംബൈ നേടിയ അവസാന 10 ഗോളുകളിൽ 7 ഗോളുകളും നേടിയത് ഇന്ത്യൻ യുവതാരങ്ങളാണ് എന്നത് എടുത്ത് പറയേണ്ട ഘടകമാണ്.
ഇന്ത്യയുടെ അണ്ടർ 23 താരങ്ങളെ കൃത്യമായി ഉപയോഗിക്കുന്ന ക്രിറ്റ്ക്കിയുടെ കളി ശൈലി ഇന്ത്യൻ ഫുട്ബോളിന് ഏറെ ഉപയോഗപ്പെടും. നിരവധി ഇന്ത്യൻ താരങ്ങൾ ക്രിറ്റ്ക്കിയുടെ കീഴിൽ വളർന്ന് വരുമെന്ന് തീർച്ച.