ഐഎസ്എല്ലിലെ ഏറ്റവും വലിയ ബദ്ധവൈരികളായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഇന്ന് ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി 7;30 ന് ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ടീരവയിലാണ് പോരാട്ടം. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കും ഉദ്‌ഘാടന മത്സരത്തിൽ ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് നേടിയ ത്രസിപ്പിക്കുന്ന വിജയവും ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലെ പോരാട്ടങ്ങളുമൊക്കെ ഇത്തവണ ഇവരുടെ പോരിന് ശക്തികൂട്ടും.
എന്നാൽ, മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ബെംഗളൂരുവിനെ ലക്ഷ്യമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എവേ ഫാൻസ് വരാതിരിക്കാൻ ചില ക്ലബ്ബുകൾ അവരുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു എന്നാണ് ആശാന്റെ പ്രസ്താവന.
‘ചില ക്ലബ്ബുകൾ’ എന്നാണ് ആശാൻ പറഞ്ഞതെങ്കിലും ബെംഗളൂരു- ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ആശാന്റെ ഈ പ്രസ്താവന എന്നുള്ളത് ആരെ ഉദ്ദേശിച്ചാണെന്ന് മനസിലാക്കാൻ സാധിക്കും.
കണ്ടീരവ സ്റ്റേഡിയം ഹൌസ്ഫുള്ളാവുന്നത് കണ്ടീരവയിൽ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിന്റെ എതിരാളികളാവുമ്പോഴാണ്. അല്ലെങ്കിൽ വെസ്റ്റ് ബ്ലോക്ക് ഗാലറി മാത്രമാണ് ബെംഗളൂരുവിന്റെ മത്സരങ്ങളിൽ മിക്കതിലും ഹൌസ് ഫുള്ളാവാറുള്ളത്. വെസ്റ്റ് ബ്ലോക്കിലെ ടിക്കറ്റുകൾ ആരാധകർ നേരത്തെ ബുക്ക് ചെയ്യാറാണ് പതിവ്.
ബെംഗളൂരു ആരാധകർ നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യാറുള്ളതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്റ്റേഡിയത്തിൽ വരാതിരിക്കാൻ ടിക്കറ്റ് നിരക്ക് ഉയർത്തി ലാഭം കൊയ്യാനും എവേ ഫാൻസിന്റെ വരവ് കുറയ്ക്കാനാണ് ബെംഗളൂരു ലക്ഷ്യമിടുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.