ഐലീഗിലെ പുലികളായിരുന്ന ഈസ്റ്റ് ബംഗാളിന് ഐഎസ്എല്ലിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കളിച്ച 3 സീസണുകളിൽ ഒരു സീസണിൽ പോലും അവർക്ക് ശോഭിക്കാനായിട്ടില്ല. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ ക്ലബായ ഈസ്റ്റ് ബംഗാളിന് ഇത് വരെ ഐഎസ്എല്ലിൽ കളിച്ച 60 മത്സരങ്ങളിൽ ആകെ പത്തിൽ മാത്രമേ വിജയിക്കാനായുള്ളു എന്ന കണക്ക് തന്നെ അവരുടെ പരിതാപകരമായ അവസ്ഥയെ വ്യക്തമാക്കുന്നു.
അടുത്ത സീസണിലെങ്കിലും തിളങ്ങണമെന്ന വാശിയോടെയാണ് ഈസ്റ്റ് ബംഗാളിലിപ്പോൾ. അതിനായി ഇപ്പോഴേ കരുക്കൾ നീക്കുകയാണ് ഈസ്റ്റ് ബംഗാൾ. അടുത്ത സീസണിൽ ഈസ്റ്റ് ബംഗാൾ പുതിയ പരിശീലകനെ നിയമിക്കാനും സാധ്യതകളുണ്ട്. പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന് ഇത്തവണ ടീമിനെ മികച്ച രീതിയിൽ കൊണ്ട് പോവാനായിട്ടില്ല.
എന്നാൽ സ്റ്റീഫൻ കോൺസ്റ്റന്റൈണ് പുറമെ ടീമിലെ വിദേശതാരങ്ങളെ റീലീസ് ചെയ്യാനും ഈസ്റ്റ് ബംഗാൾ ലക്ഷ്യമിടുന്നുണ്ട്. വിദേശ താരങ്ങളിൽ ക്ലീറ്റൺ സിൽവ ഒഴിച്ച് മറ്റാരെയും നിലനിർത്താൻ ഈസ്റ്റ് ബംഗാൾ ആഗ്രഹിക്കുന്നില്ല എന്നാണ് ബംഗാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ മറ്റ് ടീമുകളിൽ മികച്ച താരങ്ങളെ അവർ ഇപ്പോഴേ നോട്ടമിടുന്നുണ്ട്.
ചില ബംഗാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈസ്റ്റ് ബംഗാൾ അടുത്ത സീസണിൽ ലക്ഷ്യമിടുന്ന താരങ്ങളിൽ 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമുണ്ട് എന്നാണ്. അടുത്ത സീസണിൽ സ്വന്തമാക്കേണ്ട താരങ്ങളുടെ രു പട്ടിക ഈസ്റ്റ് ബെംഗാൾ തയ്യാറാക്കിയെന്നും ക്ലബ്ബിന്റെ നിക്ഷേപകരായ ഇമാമി ഗ്രൂപ്പിന് ഈ ലിസ്റ്റ് അവർ കൈമാറിയെന്നുമാണ് റിപ്പോർട്ട്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെപി, സ്റ്റാർ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ, ഡിഫൻഡർ മാർകോ ലെസ്‌കോവിച്ച് എന്നിവരെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇവർക്കൊക്കെ ബ്ലാസ്റ്റേഴ്സിൽ ഇനിയും കരാറുണ്ട് എന്നതിനാൽ ഇവർ ക്ലബ് വിടില്ലെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം. ടീമിലെ സുപ്രധാന താരങ്ങളായതിനാൽ ക്ലബും ഇവരെ വിട്ട് നൽകില്ല. എങ്കിലും ഇവരെ സ്വന്തമാക്കാൻ വമ്പൻ ഓഫറുകൾ ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ വെച്ചേക്കാം.