2021- 22 സീസണിൽ അന്നത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ചോയിസ് ഗോൾകീപ്പറായ ആൽബിനോ ഗോമസിന് പരിക്കേറ്റതോടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമാണ് കരഞ്ജിത് സിങ്. ബ്ലാസ്റ്റേഴ്സിലെത്തിയിട്ട് വർഷം 3 പിന്നിട്ടിട്ടും ബ്ലാസ്റ്റേഴ്സിൽ വലിയ അവസരങ്ങൾ താരത്തിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് സീസണിലും പ്രഭ്സുഖാൻ സിങിന് കീഴിൽ ബാക്ക്അപ്പ് ഓപ്‌ഷനായിരുന്ന താരത്തിന് ആകെ 2 മത്സരങ്ങൾ മാത്രമാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി കളിയ്ക്കാൻ കഴിഞ്ഞത്. ഇത്തവണ സച്ചിൻ സുരേഷിന് പരിക്കേറ്റതോടെയാണ് കരഞ്ജിത്തിന് അവസരങ്ങൾ ലഭിച്ചത്.
സീസണിൽ ഇത് വരെ 6 മത്സരങ്ങളിൽ ഈ 38 കാരൻ ബ്ലാസ്റ്റേഴ്സിന്റെ ഗ്ലൗ അണിഞ്ഞിട്ടുണ്ട്. ടീമിലെ സീനിയർ താരമാണെങ്കിലും താരത്തിന്റെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അത്ര ഹാപ്പിയല്ല. ഗോൾ വലയ്ക്ക് മുന്നിലെ താരത്തിന്റെ ശരാശരി പ്രകടനം ആരാധകർക്കു ആശങ്ക നൽകുന്നുണ്ട്.
ബ്ലാസ്റ്റേഴ്സിന് ഇനി പ്ലേ ഓഫ് കടമ്പ മറികടക്കേണ്ടതുണ്ട്. ഇത്തരത്തിലൊരു നിർണായക സാഹചര്യത്തിൽ കര്ണജിത്തിന്റെ പ്രകടനം ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിൽ നിന്നും ലോണിൽ എത്തിച്ച ലാറ ശർമയെ ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാണ്.
ബെംഗളൂരുവിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിയ ലാറ ശർമയ്ക്ക് ഇത് വരെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഒരൊറ്റ അവസരം പോലും ലഭിച്ചിട്ടില്ല. പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ ലീഗ് ഘട്ടത്തിലെ ഇനിയുള്ള രണ്ട് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് നിർണായകമല്ല. അതിനാൽ ലാറയെ ഈ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ഉപയോഗിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.