അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുമായി സഹകരിച്ചു കൊണ്ട് പ്രമുഖ ഗെയിമിങ് കമ്പനിയായ ഇ എ സ്പോർട്സ് പുറത്തിറക്കുന്ന ഇഎ സ്പോർട്സ് ഫിഫ ഫുട്ബോൾ ഗെയിം സീരീസുകൾ ലോകത്താകമാനമുള്ള ഫുട്ബോൾ പ്രേമികൾക്ക് വളരെയധികം പ്രിയപ്പെട്ടതാണ്.
ഇ എ സ്പോർട്സ് ഫിഫ ഗെയിം സീരീസിന്റെ അവസാന സീസണായ ഫിഫ 2023 സെപ്റ്റംബർ 30-നാണ് പുറത്തിറങ്ങുന്നത്. സെപ്റ്റംബർ 30-ന് ലോകത്താകമാനം പുറത്തിറങ്ങുന്ന ഫിഫ 23 വീഡിയോ ഗെയിം പ്ലേസ്റ്റേഷൻ, എക്സ് ബോക്സ് തുടങ്ങിയവയിലൂടെയാണ് ലഭ്യമാകുക.
എന്തായാലും ഫിഫ 23 പുറത്തിറങ്ങാൻ ഫാൻസിന് മുന്നിൽ ദിവസങ്ങൾ ശേഷിക്കേ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ഇപ്രാവശ്യം സന്തോഷമേറെയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ 21 താരങ്ങളാണ് ഫിഫ 23 വീഡിയോ ഗെയിമിൽ ഇടം നേടിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്, ദിമിത്രിയോസ് ഡയമന്റാകോസ്, വിക്ടർ മോംഗിൽ, അപോസ്‌റ്റോലാസ് ജിയാനു എന്നീ അഞ്ച് വിദേശ താരങ്ങൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചത്.
ഫിഫ 23 വീഡിയോ ഗെയിമിൽ 68 റേറ്റിംഗ് നേടിയ അഡ്രിയാൻ ലൂണ, മാർക്കോ ലെസ്കോവിച്, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെ മുൻനിരക്കാർ.
കൂടാതെ മലയാളി താരങ്ങളായ സഹൽ അബ്ദുസമദ്, രാഹുൽ കെപി, സച്ചിൻ സുരേഷ് തുടങ്ങിയ താരങ്ങളും ഫിഫ 23 വീഡിയോ ഗെയിമിൽ ഉണ്ടാകും.
2022 മെയ് മാസത്തിൽ ഇ എ സ്പോർട്സ് പുറത്തിറക്കിയ ഒഫീഷ്യൽ പ്രസ്താവനയിൽ ഫിഫയുമായി സഹകരിച്ചുള്ള ‘ഫിഫ’ എന്ന് പേര് കൂടി കൊടുത്ത് പുറത്തിറക്കുന്ന ഫുട്ബോൾ ഗെയിം സീരീസുകളുടെ അവസാന സീസൺ ഫിഫ 23 ആകുമെന്ന് വ്യക്തമാക്കിയിരുന്നു. 2023 മുതൽ ഇ എ സ്‌പോർട്സ് എഫ്സി എന്ന പേരിലായിരിക്കും ഇ എ സ്പോർട്സ് ഫുട്ബോൾ വീഡിയോ ഗെയിം പുറത്തിറക്കുക.


